കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ്. ഒക്ടോബർ 30 ന് വൈകുന്നേരം 4:30 ന് നടക്കുന്ന പോരാട്ടത്തിൽ ഐ- ലീഗ് ക്ലബായ രാജസ്ഥാൻ യുണൈറ്റഡ് ആണ് എതിരാളികൾ. ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ മാത്രമേ സെമി ഫൈനലിന് യോഗ്യത നേടാൻ സാധിക്കുകയുള്ളു. രാജസ്ഥാൻ യൂണൈറ്റഡിനോടൊപ്പം സ്പോർട്ടിങ് ക്ലബ് ഡൽഹി, മുംബൈ സിറ്റി എഫ്സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനോടപ്പമുള്ളത്. അതിനാൽ സെമി യോഗ്യതയ്ക്കായി ഗ്രൂപ്പിലെ ഓരോ മത്സരവും ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ എങ്ങനെ ആയിരിക്കുമെന്ന് പരിശോധിക്കാം.
4-2-3-1 എന്ന തന്റെ സത്വസിദ്ധമായ ശൈലിയിൽ തന്നെയായിരിക്കും ഡേവിഡ് കറ്റാല ടീമിനെ ഒരുക്കുക.സച്ചിൻ സുരേഷ് തന്നേയായിരിക്കും ടീമിലെ പ്രധാന ഗോൾ കീപ്പർ. ഐബാൻ ഡോഹ്ലിങ്, ജുവാൻ റോഡ്രിഗസ്, ബികാഷ് യുംനം, അമേ റാണാവാഡ എന്നിവരായിരിക്കും പ്രതിരോധ മതിൽ കെട്ടുക.
ദുസാൻ ലഗോട്ടർ, വിബിൻ മോഹൻ എന്നിവർക്കായിരിക്കും മധ്യനിരയിലെ ചുമതല. ലെഫ്റ്റ് വിങ്ങറായി നോഹ, അറ്റാക്കിങ് മിഡ്ഫീൽഡിൽ നായകൻ അഡ്രിയാൻ ലൂണ റൈറ്റ് വിങ്ങിൽ കോറു സിങ് എന്നിവരായിരിക്കും മുന്നേറ്റനിരയിൽ. പോർച്ചുഗീസ് മുന്നേറ്റതാരം ടിയാഗോ ആൽവസായിരിക്കും സ്‌ട്രൈക്കർ പൊസിഷനിൽ ഇറങ്ങുക. സുപ്പർ കപ്പിൽ ടീമുകൾക്ക് ആറ് വിദേശതാരങ്ങളെ കളത്തിലിറക്കാനാവും.
ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ: ഗോൾകീപ്പർ: സച്ചിൻ സുരേഷ്, പ്രതിരോധം: ഐബാൻ, യുവാൻ റോഡ്രിഗസ്, ബികാഷ്, അമേ, മധ്യനിര; ലാഗോറ്റർ, വിബിൻ, നോഹ, ലൂണ, കോറു, മുന്നേറ്റം: ടിയാഗോ
