2024-25 യുവേഫ നേഷൻസ് ലീഗിൽ ജർമനിയെ തകർത്ത് പോർച്ചുഗൽ ഫൈനലിൽ . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിജയഗോളിലാണ് പോർച്ചുഗൽ ജർമൻ പടയെ വീഴ്ത്തിയത്. 2000 ത്തിന് ശേഷം ജര്‍മനിക്കെതിരെ പോർച്ചുഗൽ നേടുന്ന ആദ്യ വിജയം കൂടിയാണ്.
മ്യൂണിക്കിൽ നടന്ന നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ആദ്യം ഗോൾ നേടിയത് ജർമനിയായിരുന്നു. 48 ആം മിനുട്ടിൽ ഫ്ലോറിയാൻ വിർട്ട്സാണ് ജർമനിക്കായി വല കുലുക്കിയത്.
മത്സരത്തിന്റെ 63 ആം മിനുട്ടിൽ കോൺസിക്കോയിലൂടെ പോർച്ചുഗൽ ഒപ്പമെത്തി. അഞ്ച് മിനിട്ടുകൾക്ക് ശേഷം റോണോയുടെ കാലിൽ നിന്നും പറങ്കികൾക്കായി ഒരു ഗോൾ വീണു. 68 ആം മിനുട്ടിലായിരുന്നു റോണോയുടെ ഗോൾ.തുടർന്ന് ജർമനി സമനില ഗോളിനായി ശ്രമിച്ചെങ്കിലും മത്സരം 2-1 ന് ജയിച്ച് പോർച്ചുഗൽ ഫൈനൽ ടിക്കറ്റ് നേടുകയായിരുന്നു.
ഇന്ന് രാത്രി നടക്കുന്ന സ്പെയിൻ- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് പോർച്ചുഗൽ ഫൈനലിൽ നേരിടേണ്ടത്. ജൂൺ എട്ടിനാണ് ഫൈനൽ.
ഈ ഗോളോട് കൂടി റോണോയുടെ ആകെ ഗോളുകളുടെ എണ്ണം 937 ആയിരിക്കുകയാണ്.
