അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി ലേലത്തിൽ ആർസിബിയുടെ നീക്കങ്ങൾ എങ്ങനെയായിരിക്കുമെന്നത് ക്രിക്കറ്റ് ലോകം ആകാംഷയോടെ ഉറ്റുനോക്കുകയാണ്. ഇതിനിടയിൽ കഴിഞ്ഞ മെഗാ ലേലത്തിൽ താരങ്ങളെ നിലനിർത്തിയ വിഷയത്തിൽ ഒരു സുപ്രധാന പ്രതികരണം നടത്തിയിരിക്കുകയാണ് ആർസിബി ഡയറക്ടർ മോ ബോബട്ട്.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഫിറ്റ്‌നസിലായിരുന്നെങ്കിൽ കഴിഞ്ഞ മെഗാ ലേലത്തിൽ ടീം അദ്ദേഹത്തെ നിലനിർത്തുമായിരുന്നു എന്നാണ് ബോബാട്ട് പറഞ്ഞത്. പ്രമുഖ കായിക മാധ്യമമായ ക്രിക്ക്ബസ്സിനോടാണ് ബോബാട്ട് ഇക്കാര്യം പറഞ്ഞത്.
ഏറെ നാൾ പരിക്കിന്റെ പിടിയിലായിരുന്ന കാമറൂൺ ഗ്രീൻ സമീപ കാലങ്ങളിൽ കാര്യമായ പ്രകടനം കാഴ്ചവച്ചില്ല. അതുകൊണ്ട് തന്നെ താരത്തെ നിലനിർത്തുന്നത് ടീമിന് വലിയൊരു വെല്ലുവിളിയായിരുന്നു.
എന്നാൽ ഗ്രീനിനെ ഒഴിവാക്കിയത് ആർസിബിയ്ക്ക് ദോഷമായി ഭവിച്ചില്ല. കഴിഞ്ഞ മെഗാ ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കാനും കഴിഞ്ഞ സീസണി കിരീടം നേടാനും അവർക്ക് സാധിച്ചിരുന്നു.
ഫിറ്റ്നസ് പ്രശ്‌നം നേരിട്ട ഗ്രീൻ കഴിഞ്ഞ മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. എന്നാൽ ഇത്തവണ അദ്ദേഹം ലേലത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
