യൂറോപ്യൻ ഫുട്ബോളിൽ വൻ ട്രാൻസ്ഫർ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നു. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഒരു കിടിലൻ സ്വാപ് ഡീലിന് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. സിറ്റിയുടെ സൂപ്പർതാരം റോഡ്രിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് തങ്ങളുടെ രണ്ട് പ്രമുഖ താരങ്ങളെയും വലിയ തുകയും വാഗ്ദാനം ചെയ്തെന്നാണ് വാർത്തകൾ.
റയൽ മാഡ്രിഡ് തങ്ങളുടെ യുവതാരങ്ങളായ റോഡ്രിഗോ, എഡ്വാർഡോ കാമവിംഗ എന്നിവരെയും കൂടാതെ 40 ദശലക്ഷം യൂറോയും റോഡ്രിക്ക് പകരമായി വാഗ്ദാനം ചെയ്യാൻ തയ്യാറാണ്. ഇത് ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന ഒരു ഓഫറാണ്. രണ്ട് യുവപ്രതിഭകളെയും വലിയൊരു തുകയും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നത് റയലിന് റോഡ്രിയോടുള്ള താൽപ്പര്യം വ്യക്തമാക്കുന്നു.
എന്നാൽ, നിലവിലെ ബാലൺ ഡി’ഓർ ജേതാവ് കൂടിയായ റോഡ്രിക്കുവേണ്ടി ഒരു ഓഫറുകളും പരിഗണിക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറല്ലെന്നാണ് റിപ്പോർട്ട്. ടീമിന്റെ നെടുതൂണായ റോഡ്രിയെ വിട്ടുകൊടുക്കാൻ സിറ്റിക്ക് താൽപ്പര്യമില്ല.
ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ റോഡ്രിയുടെ പ്രാധാന്യം സിറ്റിക്ക് വ്യക്തമായി അറിയാം. അദ്ദേഹത്തിന്റെ പന്ത് കൈവശം വെക്കാനുള്ള കഴിവ്, കൃത്യതയുള്ള പാസുകൾ, പ്രതിരോധത്തിലെ മികവ് എന്നിവയെല്ലാം ടീമിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ റയലിന്റെ ഈ വലിയ ഓഫറിനോടും സിറ്റി മുഖം തിരിക്കുകയാണ്.
ഈ ഡീൽ യാഥാർത്ഥ്യമാകുമോ എന്ന് കണ്ടറിയണം. എന്നാൽ, യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകൾ തമ്മിൽ നടക്കുന്ന ഈ ട്രാൻസ്ഫർ ചർച്ചകൾ ഫുട്ബോൾ ആരാധകരെ ആകാംഷയുടെ മുനയിൽ നിർത്തുമെന്നുറപ്പാണ്.
