ഐപിഎല്ലിൽ ഇന്നലെ നടന്ന സൺറൈസസ് ഹൈദരാബാദ്- ലക്നൗ സൂപ്പർ ജയന്റസ് മത്സരത്തിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഋഷഭ് പന്ത് നയിക്കുന്ന ലക്നൗ. ഹൈദരബാദിലെ റൺസ് മഴപെയ്യുന്ന പിച്ചിൽ എസ്ആർഎച്ചിനെ 190 റൺസിൽ ഒതുക്കാൻ ലക്നൗവിന് സാധിച്ചു. 23 പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദിന്റെ വിജയലക്ഷ്യം മറികടക്കാനും ലക്നൗവിന് സാധിച്ചു. മത്സരത്തിൽ ലക്നൗവിന്റെ വിജയത്തിന് പ്രധാന കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്ന ഒരു ഘടകമുണ്ട്. അതെന്താണെന്ന് പരിശോധിക്കാം..
പഞ്ചാബിനെതിരെ അടിവാങ്ങി കൂട്ടിയ ലക്നൗ ബൗളർമാർ കൂറ്റനടിക്കാരായ ഹൈദരബാദിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കി. ഈ രണ്ട് മത്സരങ്ങളിലും പൊതുവായ ഒരു മാറ്റമാണ് ശാർദൂൽ താക്കൂറിനെ പന്ത് ഉപയോഗിച്ച രീതികൾ.
പഞ്ചാബിനെതിരെ പവർ പ്ലേയിൽ ആദ്യ രണ്ട് ഓവർ എറിഞ്ഞ താക്കൂർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ ആ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ഒരിക്കൽ പോലും പന്ത് താക്കൂറിനെ ഉപയോഗിച്ചില്ല. എന്നാൽ ഇന്നലെ താക്കൂറിനെ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചപ്പോൾ ലക്നൗവിന്റെ കളിയും മാറി.
പവർ പ്ലേയിൽ ആദ്യ സ്പെൽ എറിഞ്ഞ ശാർദൂൽ താക്കൂർ രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കൂറ്റനടിക്കാരായ അഭിഷേക് ശർമയുടെയും ഇഷാൻ കിഷന്റെയും വിക്കറ്റുകളാണ് താക്കൂർ വീഴ്ത്തിയത്.ആദ്യ മത്സരത്തിന് വിപരീതമായി അവസാന ഓവറുകളിൽ താക്കൂറിനെ ഇന്നലെ പന്ത് ഉപയോഗിച്ചപ്പോൾ അവസാന സ്പെല്ലിലും താക്കൂർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.കൂറ്റനടിക്കാരനായ അഭിനവ് മനോഹറിന്റെ വിക്കറ്റും രണ്ടാം സ്പെല്ലിൽ താക്കൂർ വീഴ്ത്തി എന്നതാണ് പ്രധാനം.
ഒരു പക്ഷെ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ താക്കൂറിന് രണ്ടാമതൊരു സ്പെൽ കൂടി നൽകിയിരുന്നെങ്കിൽ കളി മാറിയേനെ. എന്തായാലും ആദ്യ മത്സരത്തിൽ കാണിച്ച മണ്ടത്തരം പന്ത് രണ്ടാം മത്സരത്തിലും കാണിക്കാത്തത് ലക്നൗവിന് ഗുണകരമായി.
