നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ ഇന്ന് വീണ്ടും കളത്തിലേക്ക്. ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ഒരു പ്രൊഫഷണൽ മത്സരത്തിലും സഞ്ജു കളിച്ചിട്ടില്ല. ചില സൗഹൃദ മത്സരങ്ങളിൽ മാത്രമാണ് ഈ കാലയളവിൽ സഞ്ജു പങ്കെടുത്തത്.
എന്നാൽ, കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാവുമ്പോൾ സഞ്ജുവിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ന് രാത്രി 7:45 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസാണ് സഞ്ജുവിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ എതിരാളികൾ.
നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന സഞ്ജുവിന് പ്രകടനം വീണ്ടെടുക്കാൻ ഈ മത്സരം നിർണായകമാണ്. ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
അടുത്തിടെ പ്രഖ്യാപിച്ച ഏഷ്യാ കപ്പ് ടീമിൽ സഞ്ജു സാംസൺ ഇടം നേടിയിരുന്നു. എന്നാൽ, ഫോമിലായിരുന്ന മറ്റു ചില താരങ്ങളെ ഒഴിവാക്കി സഞ്ജുവിനെ ടീമിലെടുത്തത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ, കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തന്റെ ഫോം തിരിച്ചുപിടിക്കേണ്ടത് സഞ്ജുവിന് അത്യാവശ്യമാണ്.
വരാനിരിക്കുന്ന ഏഷ്യാ കപ്പ്, ലോകകപ്പ് തുടങ്ങിയ വലിയ ടൂർണമെന്റുകൾക്ക് മുന്നോടിയായി തന്റെ ഫോമും ഫിറ്റ്‌നസും തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഈ ടൂർണമെന്റിലെ മികച്ച പ്രകടനം അദ്ദേഹത്തിന് ദേശീയ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കും.
