ഏഷ്യകപ്പ് പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവുകയാണ്. ഉദ്‌ഘാടന മത്സരത്തിൽ അഫ്ഘാൻ ഹോംഗ്കോങിനെ നേരിടും. സെപ്റ്റംബർ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ യു.എ.ഇയാണ് ഇന്ത്യയുടെ എതിരാളി. മലയാളി താരം സഞ്ജു സാംസൺ സ്‌ക്വാഡിൽ ഉണ്ടെങ്കിലും ആദ്യ ഇലവനിൽ അവസരം ലഭിക്കുമോ എന്നാണ് സംശയം. ഇപ്പോഴിതാ സഞ്ജുവിന്റെ ആദ്യ ഇലവൻ സാധ്യതകളെ കുറിച്ചുള്ള സൂചനകൾ പുറത്ത് വരികയാണ്.
പരിശീലന വേളയിൽ സഞ്ജു കൂടുതൽ സജീവമായിരുന്നില്ല എന്ന കാര്യം സോഷ്യൽ മീഡിയയയിലൂടെ പലയാളുകൾക്കും ചൂണ്ടിക്കാട്ടുന്നുണ്ട്. ശുഭ്മൻ ഗിൽ, റിങ്കു സിങ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നി ബാറ്റർമാരെല്ലാം നെറ്റ്സിൽ ഏറെ നേരം ചെലവഴിച്ചപ്പോൾ, സഞ്ജു പരിശീലനത്തിന് ഇറങ്ങിയില്ല. ഇത് സഞ്ജു ആദ്യ മത്സരത്തിനുണ്ടാവില്ല എന്നതിന്റെ സൂചനയായി സോഷ്യൽ മീഡിയ വിലയിരുത്തുന്നു.
ആദ്യ മത്സരങ്ങളിൽ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കാണ് ബിസിസിഐ പരിഗണന നൽകുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ സഞ്ജു ബെഞ്ചിലാവുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ട്വന്റി20യിൽ തകർപ്പൻ ഫോമിലുള്ള സഞ്ജു അവസാന പത്ത് മത്സരങ്ങളിൽ മൂന്നു സെഞ്ചറികൾ നേടിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ഓപ്പണിങ് ഇറങ്ങിയ സമയത്താണ്. എന്നാൽ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ഏഷ്യാ കപ്പ് ടീമിലെത്തിയതോടെയാണ് സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്.
ഇന്ത്യൻ ടീമിൽ അഞ്ചാം നമ്പരിൽ സഞ്ജു ബാറ്റു ചെയ്തിട്ടുണ്ടെങ്കിലും ഈ പൊസിഷനിൽ താരത്തിനു തിളങ്ങാൻ സാധിച്ചിട്ടില്ല. 62 റൺസ് മാത്രമാണ് അഞ്ചാമനായി ഇറങ്ങി സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. അതിനാൽ മധ്യനിരയിൽ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. പകരം ഇക്കഴിഞ്ഞ ഐപിഎല്ലിൽ മധ്യനിരയിലും ഫിനിഷിങ് റോളിലും മികച്ച പ്രകടനം നടത്തിയ ജിതേഷ് തന്നെയായിരിക്കും ഗംഭീറിന്റെ ഓപ്‌ഷൻ.
