ഫുട്ബോൾ ലോകത്ത് തനിക്കിനി നേടാൻ റെക്കോർഡുകളില്ലെന്ന് തോന്നിപ്പിക്കുമ്പോഴും, പുതിയ ചരിത്രം രചിക്കുകയാണ് ലയണൽ മെസ്സി. കരിയറിലെ പെനാൽറ്റി ഇല്ലാത്ത ഗോളുകളുടെ ( നോൺ പെനാൽറ്റി ഗോളുകൾ) എണ്ണത്തിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഈ അർജന്റീന ഇതിഹാസം. 764 നോൺ-പെനാൽറ്റി ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്.
പെനാൽറ്റി കിക്കുകളിലൂടെയല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് മെസി ഇതിലൂടെ സ്വന്തമാക്കിയിരിക്കുകയാണ്.മെസ്സിയുടെ ഈ റെക്കോർഡ് അദ്ദേഹത്തിന്റെ കളിക്കളത്തിലെ ബ്രില്ല്യൻസിനെ ഒന്ന് കൂടി അടിവരയിടുന്നതാണ്.
ഈ റെക്കോർഡ് നേട്ടത്തിൽ മെസ്സി പിന്നിലാക്കിയത് തന്റെ ചിരവൈരിയും പോർച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്. റൊണാൾഡോയ്ക്ക് നിലവിൽ 763 നോൺ-പെനാൽറ്റി ഗോളുകളാണുള്ളത്. ഈ റെക്കോർഡ് മെസ്സി സ്വന്തമാക്കിയത് റൊണാൾഡോയെക്കാൾ 167 മത്സരങ്ങൾ കുറവ് കളിച്ചാണെന്നതും ശ്രദ്ധേയമാണ്.
തന്റെ കരിയറിന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോഴും മെസ്സിക്ക് ഇങ്ങനെയുള്ള റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ കായികക്ഷമതയെയും കളിയോടുള്ള അഭിനിവേശത്തെയും സൂചിപ്പിക്കുന്നു.
ഈ റെക്കോർഡ് ലയണൽ മെസ്സിയെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിൽ കൂടുതൽ ഉറപ്പിക്കുന്നു. അതേ സമയം റൊണാൾഡോ ഇക്കാര്യത്തിൽ തൊട്ട് പിന്നാലെയുണ്ട് എന്നതും മെസ്സിക്ക് വെല്ലുവിളിയാണ്.
