FootballNational Football TeamsSports

അവസാന പേര് ഉറപ്പിച്ചു; പുതിയ പരിശീലകനെ ഉറപ്പിച്ച് AIFF

ഇത്തവണ അത്രയും ഉയർന്ന പ്രൊഫൈലുള്ള വിദേശ പരിശീലകർ ഉണ്ടായിരുന്നില്ല. മുൻ ലിവർപൂൾ താരങ്ങളായ റോബി ഫൗളർ, ഹാരി കെവൽ, ബാഴ്സലോണ റിസർവ്സ് മുൻ മാനേജർ ജോർഡി വിന്യാൽസ് എന്നിവരും അപേക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്നു. ഖാലിദ് ജമീലിനെ മുഖ്യ പരിശീലകനായി നിയമിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഏകദേശം തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 90% സാധ്യതയും ഖാലിദ് ജമീലിനാണെന്നാണ് ഫുട്ബോൾ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നേരത്തെ, സാമ്പത്തിക പ്രതിസന്ധി കാരണം എഐഎഫ്എഫ് തദ്ദേശീയരായ പരിശീലകർക്കാണ് മുൻഗണന നൽകുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ഇത് ഖാലിദ് ജമീലിന്റെ സാധ്യതകൾ വർധിപ്പിച്ചു. അപേക്ഷ നൽകിയ 170 പരിശീലകരിൽ നിന്ന് എഐഎഫ്എഫ് ഷോർട്ട് ലിസ്റ്റ് ചെയ്തത് ഖാലിദ് ജമീൽ, സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ ടാർക്കോവിച്ച് എന്നിവരെയായിരുന്നു.

ഇഗോർ സ്ടിമാച്ചിന് പകരക്കാരെ തേടിയപ്പോൾ ലോകകപ്പ് പരിശീലകരായ ഫിലിപ്പ് ട്രൂസിയർ, വിൻഫ്രഡ് ഷേഫർ, മിഗ്വൽ ഹെരേര എന്നിവരടക്കം നിരവധി വിദേശ പരിശീലകർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇത്തവണ അത്രയും ഉയർന്ന പ്രൊഫൈലുള്ള വിദേശ പരിശീലകർ ഉണ്ടായിരുന്നില്ല. മുൻ ലിവർപൂൾ താരങ്ങളായ റോബി ഫൗളർ, ഹാരി കെവൽ, ബാഴ്സലോണ റിസർവ്സ് മുൻ മാനേജർ ജോർഡി വിന്യാൽസ് എന്നിവരും അപേക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഇന്ത്യൻ ഫുട്ബോളിലെ പരിചയസമ്പന്നനായ പരിശീലകനാണ് ഖാലിദ് ജമീൽ. ഐ-ലീഗിലും ഐഎസ്എല്ലിലും ടീമുകളെ പരിശീലിപ്പിച്ച് അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ കളിക്കാരെയും ഇന്ത്യൻ ഫുട്ബോളിന്റെ രീതികളെയും കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്.

ഖാലിദ് ജമീലിന്റെ നിയമനം ഇന്ത്യൻ ഫുട്ബോളിന് പുതിയൊരു ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യൻ കപ്പ് 2027-ലേക്ക് യോഗ്യത നേടുക എന്ന വലിയ ദൗത്യം പുതിയ പരിശീലകന്റെ ചുമതലയായിരിക്കും. നിലവിൽ ജംഷദ്പൂർ എഫ്സിയുടെ മുഖ്യപരിശീലകനായ അദ്ദേഹം ആ ജോലിക്കൊപ്പം തന്നെയായായിരിക്കും ദേശീയ ടീമിന്റെ ചുമതലയും വഹിക്കുക.