ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ ലയണൽ മെസ്സിയുടെ കരിയർ സംബന്ധിച്ച് പുതിയൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, ആരാധകർക്ക് സന്തോഷം പകരുന്ന ഒരു സുപ്രധാന തീരുമാനമാണ് മെസ്സി ഇപ്പോൾ എടുത്തിരിക്കുന്നത്.
ഇൻ്റർ മിയാമിയുമായി 2028 വരെ തന്റെ കരാർ ദീർഘിപ്പിക്കാൻ ലയണൽ മെസ്സി തയ്യാറെടുക്കുന്നതായി പ്രമുഖ മാധ്യമപ്രവർത്തകൻ സാവി കാംപോസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കരാർ ഉടൻ അവസാനിക്കാനിരിക്കെ, മൂന്ന് വർഷത്തേക്ക് കൂടി ക്ലബ്ബിൽ തുടരാനാണ് മെസ്സിയുടെ തീരുമാനം.
ഈ നീക്കം മെസ്സിയുടെ കരിയറിൽ ഒരു നിർണായക ഘട്ടമാണ് അടയാളപ്പെടുത്തുന്നത്. 2028 വരെ അദ്ദേഹത്തിൻറെ കളി ആസ്വദിക്കാനാകുമെന്ന് ശുഭപ്രതീക്ഷ കൂടിയാണിത്. കൂടാതെ അമേരിക്കൻ മണ്ണിൽ തന്റെ ഫുട്ബോൾ യാത്ര തുടരാനും എംഎൽഎസ് ലീഗിന് കൂടുതൽ പ്രശസ്തി നൽകാനും ഈ കരാർ അദ്ദേഹത്തെ സഹായിക്കും.
മെസ്സിയുടെ സാന്നിധ്യം ഇൻ്റർ മിയാമിക്ക് സാമ്പത്തികമായും കായികപരമായും വലിയ നേട്ടമാണ്. അദ്ദേഹത്തെപ്പോലൊരു ഇതിഹാസ താരം ഇത്രയും കാലം ലീഗിൽ തുടരുന്നത് ലോകമെമ്പാടുമുള്ള ആരാധകരെ എംഎൽഎസിലേക്ക് ആകർഷിക്കും.
മെസ്സിക്ക് ഇപ്പോഴും ലോകോത്തര നിലവാരത്തിൽ കളിക്കാൻ കഴിയുമെന്നും, അദ്ദേഹത്തിന്റെ മാന്ത്രിക സ്പർശം ഇനിയും കളിക്കളത്തിൽ കാണാൻ കഴിയുമെന്നും ഈ പുതിയ കരാർ ഉറപ്പുനൽകുന്നു. മെസ്സിയുടെ ആരാധകർക്ക് ഇത് വലിയ ആഘോഷത്തിനുള്ള വക നൽകുന്നു.
