അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി താരം.യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ സി.പി റിസ്വാനാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.സമൂഹ മാധ്യമത്തിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം.
യു.എ.ഇ ദേശീയ ടീമിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ് റിസ്വാൻ. 2019 മുതൽ യു.എ.ഇ ദേശീയ ടീമിന്റെ ഭാഗമായിരുന്നു. 2020 ൽ അയർലന്റിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു റിസ്വാൻ സ്വെഞ്ചറി നേടിയത്. 109 പന്തിൽ നിന്ന് 136 റൺസാണ് താരം അന്ന് നേടിയത്.
തലശ്ശേരി സ്വദേശിയാണ് റിസ്വാൻ. 2019ൽ നേപ്പാളിനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ആ വർഷം നടന്ന ട്വന്റി20യിലും വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസ് സ്വന്തമാക്കി. ഏഴ് ട്വന്റി20യിൽ 100 റൺസാണ് സമ്പാദ്യം.
ഫോം നഷ്ടപ്പെട്ടതോടെ സമീപ കാലത്തായി അദ്ദേഹം യുഎഇ ടീമിൽ നിന്നും പുറത്തായിരുന്നു. ദേശീയ ടീമിലേക്കുള്ള തിരിച്ചവരവിനായുള്ള കഠിന പരിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.
നിലവിൽ എമിറേറ്റ്സ് എയർലൈനിൽ ഉദ്യോഗസ്ഥനായ റിസ്വാൻ യുഎഇ ലീഗ് മത്സരങ്ങളിൽ തുടർന്നേക്കും.
