കുതിപ്പുകൾ മാത്രമല്ല ഫുട്ബോൾ ലോകത്ത് കിതയ്പ്പുകളും ഏറെയുണ്ട്. അത്തരത്തിൽ വലിയ പ്രതീക്ഷയായി ഉയർന്ന് ഇന്ത്യയ്ക്കായി ലോകകപ്പ് കളിച്ച്, കേരളാ ബ്ലസ്റ്റേഴ്സിലൂടെ ഐഎസ്എൽ അരങ്ങേറ്റം നടത്തുകയും ചെയ്ത് ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ കിതച്ച് കൊണ്ടിരിക്കുന്ന ഒരു താരത്തെ പറ്റിയാണ് പറയുന്നത്.
2017 ൽ ഇന്ത്യയ്ക്കായി അണ്ടർ 17 ലോകകപ്പ് കളിക്കുകയും തൊട്ടടുത്ത വർഷം കേരളാ ബ്ലാസ്റ്റേഴ്‌സിലൂടെ ഐഎസ്എൽ അരങ്ങേറ്റം നടത്തുകയും ചെയ്ത താരമാണ് ധീരജ് സിങ്. ബ്ലാസ്റ്റേഴ്സിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും താരം തൊട്ടടുത്ത സീസണിൽ എടികെയിലേക്ക് കൂടുമാറി. എന്നാലിവിടെ കേവലം ബെഞ്ച് ഗോൾ കീപ്പറായി മാത്രം താരമൊതുങ്ങി.
രണ്ട് സീസണുകളിൽ എടികെ/ മോഹൻ ബഗാന്റെ ബെഞ്ചിൽ ഇരിക്കേണ്ട വന്ന ഈ ടാലെന്റിന് 2021 ൽ എഫ്സി ഗോവയിൽ എത്തിയതോടെയാണ് താരത്തിന് പിന്നീട് അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്. എന്നാൽ കഴിഞ്ഞ സീസണിൽ വീണ്ടും മോഹൻ ബഗാനിലേക്ക് പോയതോടെ താരം വീണ്ടും ബെഞ്ചിലായി.
നിലവിൽ മോഹൻ ബഗാൻ സ്‌ക്വാഡിൽ ധീരജ് ഇല്ല. വരാനിരിക്കുന്ന പുതിയ സീസണിൽ പുതിയ ക്ലബ്ബിൽ താരത്തെ കണ്ടേക്കാം. എങ്കിലും ഇന്ത്യയുടെ അടുത്ത ഗോൾ കീപ്പർ എന്ന വിശേഷണം ഉണ്ടായിരുന്ന താരം കരിയറിന്റെ പഴയ ഹൈപ്പിൽ നിന്നും ഇന്ന് ഏറെ താഴെയാണ്.
മാർച്ചിലാണ് അദ്ദേഹം അവസാനമായി ഒരു പ്രൊഫഷണൽ ലീഗ് മത്സരം കളിച്ചത്. അതും നീണ്ട മത്സരങ്ങൾ ബെഞ്ചിൽ ഇരുന്നതിന് ശേഷം. വരാനിരിക്കുന്ന സീസണിൽ പുതിയ ക്ലബ്ബിൽ ഭാഗമായി ധീരജിന് തിരിച്ചെത്താൻ സാധിക്കട്ടെ എന്നാണ് ആരാധകരുടെ പ്രതീക്ഷ.
