ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലാണ് രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യക്കായി അവസാനമായി കളിച്ചത്. ടി20യിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ചതും ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയ്ക്ക് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ജേഴ്സിയിൽ ഇരുവരെയും നമ്മൾ കണ്ടിട്ട് നാളുകളേറെയായി. എന്നാൽ ഇരുവരും സെപ്റ്റംബർ 30 ന് വീണ്ടും ഇന്ത്യയ്ക്കായി കളത്തിലുറങ്ങുമെന്നാണ് റിപ്പോർട്ട്.
ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യ എയും ഓസ്ട്രേലിയയും തമ്മിലുള്ള അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇരുവരും ഇന്ത്യ എയ്ക്കായി കളിക്കുമെന്നാണ്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയ എയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ശ്രേയസ് അയ്യരാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുക. 2 അനൗദ്യോഗിക ടെസ്റ്റും 3 ഏകദിനവുമാണ് പരമ്പരയിൽ. ഈ പരമ്പരയിലെ 3 ഏകദിന പരമ്പരയിൽ ഇരുവരും കളിക്കുമെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 16 നും 23 നുമാണ് പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങൾ നടക്കുക. ശേഷം സെപ്റ്റംബർ 30, ഒക്ടോബർ 3, ഒക്ടോബർ 5 എന്നീ തിയ്യതികളിലാണ് പരമ്പരയിലെ ഏകദിന മത്സരങ്ങൾ. ഇതിൽ 3 ഏകദിന മത്സരങ്ങോ അല്ലെങ്കിൽ ചില മത്സരങ്ങളോ രോഹിതും കോഹ്ലിയും കളിക്കും.
അടുത്ത ഏകദിനലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഏകദിന ഫോർമാറ്റിൽ സജീവമാകുക എന്നത് ഇരുവർക്കും നിർബന്ധമാണ്. അതിനാൽ ഇന്ത്യ എയ്ക്കായി കളിയ്ക്കാൻ ഇരുവരും തയ്യാറാവും.
