ഏഷ്യകപ്പിൽ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ മികച്ച വിജയം നേടിയിരിക്കുകയാണ്. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റും 25 പന്തുകളും ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. മത്സരത്തിൽ വിജയിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസന്റെ ടീമിലെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ശുഭ്മാൻ ഗിൽ ഉപനായകനായി എത്തിയതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായിരുന്നു. എന്നാൽ സഞ്ജു മൂന്നാം സ്ഥാനത്ത് കളിക്കുമെന്ന് കരുതിയെങ്കിലും യുഎഇക്കെതിരെയുള്ള മത്സരത്തിൽ നായകൻ സൂര്യകുമാർ യാദവാണ് മൂന്നാം നമ്പറിൽ കളിച്ചത്.
അഞ്ചാം സ്ഥാനത്ത് സഞ്ജു ബാറ്റ് ചെയ്യുമെന്ന് കരുതിയെങ്കിലും പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ അതും സംഭവിച്ചില്ല. ഇന്നത്തെ മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയത് ശിവം ദുബെയായിരുന്നു.
ഇതോടെ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷൻ ഏതാണെന്നു കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
സഞ്ജു ടോപ് ഓർഡറിലാണ് ഇത് വരെ തിളങ്ങിയത്. എന്നാലിപ്പോൾ ടോപ് ഓർഡർ നഷ്ടമായി എന്ന് മാത്രമല്ല, ടീമിൽ ബാറ്റിംഗ് പൊസിഷൻ ഇല്ലാത്ത താരമായും സഞ്ജു മാറിയിരിക്കുകയാണ്.
