ഐഎസ്എല്ലിന്റെ പുതിയ സീസൺ നടക്കുമെന്ന് ഉറപ്പിച്ചെങ്കിലും തിയതിയുടെ കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല. എന്നാൽ ഇത്തവണ ഐഎസ്എല്ലിന് മുമ്പ് സൂപ്പർ കപ്പ് നടക്കുമെന്നും ഒക്ടോബർ 25 ന് സൂപ്പർ കപ്പ് ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. സൂപ്പർ കപ്പ് ആരംഭിക്കുന്നതിനാൽ തന്നെ ചില ക്ലബ്ബുകൾ പ്രീ- സീസൺ ആരംഭിക്കാനും വിദേശ സൈനിങ്ങും ആരംഭിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എപ്പോഴാണ് പ്രീ- സീസൺ ആരംഭിക്കുക? വിദേശ സൈനിംഗുകൾ ആരംഭിച്ചോ? പരിശോധിക്കാം..
ചെന്നൈയിൻ എഫ്സി, ബെംഗളൂരു എഫ്സി, ജംഷദ്പൂർ എഫ്സി എന്നിവർ പുതിയ സീസണിനുള്ള ഒരുക്കത്തിലാണ്. ബംഗളുരു എഫ്സി സെപ്റ്റംബർ 16 ന് പുതിയ സീസണിലേക്കുള്ള പ്രീ- സീസൺ ആരംഭിക്കും. ചെന്നൈയിൻ. ജംഷദ്പൂർ എഫ്സി എന്നിവർ വിദേശ സൈനിംഗുകൾ പുനരാരംഭിക്കാനുള്ള നീക്കത്തിലാണ്. ഇരു ക്ലബ്ബുകളും ചില വിദേശ താരങ്ങളുമായി നിലവിൽ ചർച്ചകൾ നടത്തുന്നുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രീ- സീസണിന്റെ കാര്യത്തിലോ, വിദേശ സൈനിംഗുകളുടെ കാര്യത്തിലോ അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ചില സ്രോതസ്സുകൾ വ്യക്തമാക്കുന്നത് പ്രകാരം സെപ്റ്റംബര് അവസാന വാരത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രീ- സീസൺ ആരംഭിക്കുമെന്നാണ്. എന്നാൽ വിദേശ താരങ്ങളുടെ കാര്യത്തിൽ ഇത്തവണ കൂടുതൽ പ്രതീക്ഷകൾ വേണ്ട.
നിലവിൽ നോഹ സദോയി, അഡ്രിയാൻ ലൂണ, ദുസാൻ ലഗോറ്റർ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ള വിദേശ താരങ്ങൾ. സീസൺ ആരംഭിക്കുമ്പോൾ ഇനി 3 വിദേശ സൈനിംഗുകൾ കൂടി ബ്ലാസ്റ്റേഴ്സിന് പൂർത്തീകരിക്കേണതുണ്ട്. എന്നാൽ ഐഎസ്എൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില അറിയിപ്പുകൾ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമായും ടെലികാസ്റ്റ് റവന്യൂവാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. എന്നാൽ ടെലികാസ്റ്റ് റവന്യൂവിനെ കുറിച്ച് എഐഎഫ്ഫോ എഫ്എസ്ഡിഎല്ലോ ഒരു വ്യക്തമായ ധാരണ ക്ലബ്ബുകൾക്ക് നൽകിയിട്ടില്ല.
ടെലികാസ്റ്റ് റവന്യൂവിന്റെ കാര്യത്തിൽ വ്യക്തമായ അറിയിപ്പ് ലഭിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് വിദേശ സൈനിംഗുകൾ നടത്തുകയുള്ളു. അതിനാൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിംഗുകൾ പ്രതീക്ഷിക്കണമെങ്കിൽ ടെലികാസ്റ്റ് റവന്യൂവിന്റെ കാര്യത്തിൽ വ്യക്തത വരുത്തണം.
