നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും കൊച്ചിയിൽ പന്തുതട്ടിയേക്കും. കേരളത്തിലെ അർജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. എന്നാൽ അർജന്റീനയുടെ മത്സരത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. നമ്മുക്ക് പരിശോധിക്കാം..
അർജന്റീയുടെ മത്സരം സർക്കാർ ആദ്യം ആലോചിച്ചത് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റേഡിയത്തിലായിരുന്നു. എന്നാൽ ഗ്രീൻഫീൽഡിലെ ക്രിക്കറ്റ് പിച്ച് മാറ്റി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ പിച്ച് സൃഷ്ടിക്കണം എന്നത് ഇതിനായി ചെയ്യേണ്ട ആദ്യ ജോലിയാണ്. ഫുട്ബോൾ മത്സരം കഴിഞ്ഞാൽ പിച്ച് വീണ്ടും ക്രിക്കറ്റ് പിച്ചാക്കണം എന്നത് മറ്റൊരു ജോലിയാണ്. ഇത് കണക്കിലെടുത്താണ് സർക്കാർ നിലവിൽ ഫുട്ബോൾ പിച്ച് സ്ഥിതി ചെയ്യുന്ന കൊച്ചിയിലെ കലൂരിൽ മത്സരം സംഘടിപ്പിക്കാൻ ആലോചിക്കാൻ കാരണം. കൂടാതെ തിരുവനന്തപുരത്തേക്കാൾ കൊച്ചിയിലേക്ക് കൂടുതൽ ആളുകൾ എത്താൻ കാരണമാവും എന്നതും കൊച്ചിയെ തിരഞ്ഞെടുക്കാൻ കാരണമായി.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചിയിലെ കലൂർ സ്റ്റേഡിയം. ഈ സ്റ്റേഡിയത്തിന് സുരക്ഷാപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ബ്ലാസ്റ്റേഴ്സിന് പ്രിമിയർ വൺ ലൈസൻസ് ലഭിച്ചിരുന്നില്ല. എന്നാൽ അർജന്റീയുടെ മത്സരം കൊച്ചിയിൽ നടത്തിയാൽ സർക്കാർ കലൂർ സ്റ്റേഡിയത്തിൽ അറ്റക്കുറ്റ പണികൾ നടത്തേണ്ടി വരും. ഇതോടെ സ്റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്നങ്ങൾ മാറുകയും ബ്ലാസ്റ്റേഴ്സിന് പ്രീമിയർ വൺ ലൈസൻസ് കിട്ടുമോ എന്നതാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഇതിനുള്ള സാദ്ധ്യതകൾ കുറവാണ്.
കലൂർ സ്റ്റേഡിയത്തിൽ 55,000 ത്തിലധികം സീറ്റുകളുണ്ടെങ്കിലും സ്റ്റേഡിയത്തിന് 30000 ആളുകളെ മാത്രമേ താങ്ങാൻ കഴിയുകയുള്ളു. 30000 ത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചാൽ ചിലപ്പോൾ അപകടമുണ്ടാവാനും സാധ്യതയുണ്ട്. കൂടാതെ സ്റ്റേഡിയത്തിലെ പല തൂണുകളും തുരുമ്പ് പിടിച്ച അവസ്ഥയിലാണ്. ഇതൊക്കെയും കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാപ്രശ്നങ്ങളാണ്.
അർജന്റീനയുടെ മത്സരം കൊച്ചിയിൽ വെച്ചാൽ ഒന്നെല്ലെങ്കിൽ 30000 ആളുകളെ മാത്രം സ്റ്റേഡിയത്തിലേക്ക് കയറ്റണം. അല്ലെങ്കിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിൽ സ്റ്റേഡിയത്തിൽ അറ്റകുറ്റപണികൾ നടത്തുകയും സുരക്ഷഉറപ്പാക്കുകയും ചെയ്യണം. എന്നാൽ അർജന്റീനൻ ടീമിന്റെ വരവിനായി കഷ്ടിച്ച് രണ്ട് മാസം മാത്രമേ സമയമുള്ളൂ. അതിനിടയയിൽ അറ്റകുറ്റപണികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ചെറിയ രീതിയിലുള്ള അറ്റകുറ്റപണികൾ നടക്കുമെങ്കിലും സ്റ്റേഡിയം സുരക്ഷയുടെ കാര്യത്തിലുള്ള അറ്റകുറ്റ പണികൾ നടത്താനുള്ള സമയം ഇനിയില്ല. അതിനാൽ സുരക്ഷാ ലൈസൻസിൽ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയർപ്പിക്കേണ്ട കാര്യമില്ല.
