നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച പേസ് ബൗളർ ആരാണെന്ന് ചോദിച്ചാൽ തർക്കമില്ലാതെ പറയാൻ പറ്റുന്ന പേരാണ് ജസ്പ്രീത് ബുംറ. ബുംറ കഴിഞ്ഞാൽ ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം മുഹമ്മദ് സിറാജ് എന്നായിരിക്കും. എന്നാൽ ബുംറയെക്കാളും സിറാജിനെക്കാളും മികച്ച ബൗളറായി ചീഫ് സെലക്ടർ അജിത് അഗർക്കാരും പരിശീലകൻ ഗൗതം ഗംഭീറും വിലയിരുത്തുന്ന താരമാണ് ഹർഷിത് റാണ. വെറുതെ പറഞ്ഞതല്ല. അങ്ങനെ പറയാനൊരു കാരണം കൂടിയുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ കണ്ടുപിടുത്തമൊന്നുമല്ല ഹർഷിത് റാണ. നന്നായി വേഗത്തിൽ പന്തെറിയാൻ കഴിയുന്നതും ബോൾ ബൗൺസ് ചെയ്യാനും അറിയുന്ന താരമാണ് റാണ. എന്നാൽ പലപ്പോഴും റാണയ്ക്ക് തന്റെ വേഗത കൊണ്ടും ബൗൺസർ കൊണ്ടും വിക്കറ്റ് വീഴ്ത്താൻ സാധിക്കാറില്ല, എന്തിനേറെ നല്ല രീതിയിൽ റൺസ് വിട്ട് കൊടുക്കുന്നതിലും റാണ മോശക്കാരനല്ല.
ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ഡെവലപ്പർ ബൗളറായി മാത്രം കാണേണ്ടതും വളർത്തിയെടുക്കേണ്ടതുമായ താരമാണ് റാണ. എന്നാൽ അഗർക്കാരും ഗംഭീറും താരത്തെ കാണുന്നത് ബുമ്രയ്ക്കാൾ മികച്ചവനായാണ്. അതിന് ഉദാഹരണമാണ് റാണയ്ക്ക് ലഭിക്കുന്ന അമിത അവസരങ്ങൾ.
ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇടം പിടിച്ച താരം ഇക്കഴിഞ്ഞ ഏഷ്യകപ്പിലും ഇടം പിടിച്ചിരുന്നു. വരാനിരിക്കുന്ന ഓസിസ് പരമ്പരയിൽ ഏകദിന ടീമിലും ടി20 ടീമിലും താരം ഇടം പിടിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഇന്ത്യയുടെ 3 ഫോർമാറ്റിലും കളിക്കുന്ന താരമാണ് റാണ. എന്നാൽ അതിന് മാത്രം കഴിവുള്ള താരമാണോ റാണ എന്ന് ചോദിച്ചാൽ ‘അല്ല’ എന്ന് മാത്രമേ ഉത്തരം നല്കാനാവുകയുള്ളു.
പേസ് ബൗളർമാർക്ക് പഞ്ഞമില്ലാത്ത നാട്ടിലാണ് നിലവിൽ ശരാശരിക്കും താഴെയുള്ള ഒരു ബൗളർക്ക് ബിസിസിഐ അവസരങ്ങൾ വാരിക്കോരി കൊടുക്കുന്നത് എന്നത് മറ്റു താരങ്ങളോട് ചെയ്യുന്ന അനീതിയാണ്.
content: BCCI considers Harshit Rana a better bowler than Jasprit Bumrah
