ലാലിഗയിൽ ഒന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനവുമായും റയൽ മാഡ്രിഡ് മുന്നേറുന്നുണ്ടെങ്കിലും പുതിയ പരിശീലകൻ സാബി അലോൺസോയുടെ കളി രീതിയോട് ചില ആരാധകർക്ക് വിയോജിപ്പുണ്ട്. ആരാധകർക്ക് മാത്രമല്ല, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് റയൽ മാഡ്രിഡ് സൂപ്പർ താരവും സാബിക്കെതിരെ ക്ലബ് മാനേജ്‌മെന്റിനെ സമീപിച്ചിരിക്കുകയാണ്.
റിയൽ മാഡ്രിഡിൻ്റെ (Real Madrid) സൂപ്പർ താരവും മധ്യനിര താരവുമായ ജൂഡ് ബെല്ലിംഗ്ഹാമാണ് (Jude Bellingham) പരിശീലകൻ സാബി അലോൺസോയുടെ (Xabi Alonso) പരിശീലന ശൈലിയിൽ അതൃപ്തി അറിയിച്ചിരിക്കുന്നത്.പ്രമുഖ സ്പാനിഷ് മാധ്യമമായ റേഡിയോ എസ്റ്റാഡിയോ നോച്ചെയാണ് (Radioestadio Noche) ഈ വാർത്ത പുറത്തുവിട്ടത്.
റയൽ മാഡ്രിഡിൻ്റെ പരിശീലക സ്ഥാനത്തേക്ക് സാബി അലോൺസോ എത്തിയതിന് ശേഷം ടീം പുതിയ തന്ത്രങ്ങളും ശൈലികളുമാണ് പരീക്ഷിക്കുന്നത്. എന്നാൽ, ബെല്ലിംഗ്ഹാമിന് അലോൺസോയുടെ ശൈലികളോട് യോജിപ്പില്ലെന്നാണ് റിപ്പോർട്ട്.
ടീമിലെ സൂപ്പർ താരം തന്നെ പരസ്യമായി അതൃപ്തി അറിയിക്കുന്നത് ടീമിൻ്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
തൻ്റെ അതൃപ്തി ക്ലബ്ബിൻ്റെ ഉന്നത നേതൃത്വത്തെ താരം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ടീമിൽ താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ സംഭവിക്കുന്നില്ലെങ്കിൽ അത് അദ്ദേഹത്തെ പുതിയ നീക്കങ്ങൾ ആലോചിക്കാൻ പ്രേരിപ്പിച്ചേക്കാം.
