ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടങ്ങൾ അവസാനിക്കാനിരിക്കെ റൌണ്ട് 32 വിന്റെ ആദ്യ ചിത്രങ്ങൾ വ്യക്തമായി തുടങ്ങിയിരിക്കുകയാണ്. ഇതിൽ ശ്കതരായ ബ്രസീലിന്റെ എതിരാളികളെയും ഇന്ന് വ്യക്തമായിരിക്കുകയാണ്.
ALSO READ:
- നെയ്മറെ പരിഹസിച്ച് സ്വന്തം രാജ്യത്തെ പ്രസിഡന്റ്: വിവാദം ( വീഡിയോ കാണാം)
- റോണോയ്ക്കെതിരെ മെസ്സി ചാന്റുകൾ ഉയർത്തി ആരാധകർ: തലതാഴ്ത്തി സൂപ്പർതാരം ( വീഡിയോ കാണാം)
- അർജന്റീന vs പോർച്ചുഗൽ പോരാട്ടം ഈ ലോകകപ്പിൽ കാണാം: ‘ദി ലാസ്റ്റ് ഡാൻസ്’ മത്സരത്തിന് 3 സാധ്യതകൾ
പ്രീ-ക്വാർട്ടറിൽ ബ്രസീലിന് എതിരാളി ജപ്പാൻ

ഗ്രൂപ്പ് എഫിലെ നിർണ്ണായക മത്സരത്തിൽ സ്വീഡനോട് 1-1ന് സമനില വഴങ്ങിയതോടെയാണ് ജപ്പാന് പ്രീ-ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ നേരിടേണ്ടി വരുന്നത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡൈസെൻ മയേദയിലൂടെ ജപ്പാൻ മുന്നിലെത്തിയെങ്കിലും, ആറ് മിനിറ്റിനുള്ളിൽ ആന്റണി എലാങ്കയിലൂടെ സ്വീഡൻ സമനില ഗോൾ സ്വന്തമാക്കുകയായിരുന്നു. ഈ സമനിലയോടെ ജപ്പാനൊപ്പം സ്വീഡനും നോക്കൗട്ട് റൗണ്ടിൽ ഇടംപിടിച്ചു. തിങ്കളാഴ്ച ഹ്യൂസ്റ്റണിൽ വെച്ചാണ് സിനിമാറ്റിക് പോരാട്ടത്തിന് വഴിയൊരുക്കി ബ്രസീലും ജപ്പാനും നേർക്കുനേർ വരുന്നത്.
റെക്കോർഡുകൾ തിരുത്തി ജപ്പാനും സ്വീഡനും
തുടർച്ചയായ മൂന്നാം തവണയാണ് ജപ്പാൻ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. ഈ മുന്നേറ്റത്തോടെ ടീം ചില പുതിയ റെക്കോർഡുകളും കുറിച്ചിട്ടുണ്ട്: സ്വീഡനെതിരെ ഡൈസെൻ മയേദ നേടിയത് ഈ ടൂർണമെന്റിൽ ജപ്പാന്റെ ഏഴാമത്തെ ഗോളായിരുന്നു.
ഒരു ലോകകപ്പിൽ ജപ്പാൻ നേടുന്ന ഏറ്റവും ഉയർന്ന ഗോൾ എണ്ണമാണിത്.എട്ടു വർഷം മുൻപ് റഷ്യൻ ലോകകപ്പിൽ പ്രീ-ക്വാർട്ടറിലെത്തിയപ്പോൾ നേടിയ ആറ് ഗോളുകൾ എന്ന റെക്കോർഡാണ് ഇതോടെ വഴിമാറിയത്.
അതേ സമയം ജപ്പാൻ കളിച്ച ഏഴ് ലോകകപ്പുകളിൽ അഞ്ചാം തവണയാണ് നോക്കൗട്ടിലെത്തുന്നത്. മറുവശത്ത്, 1994 മുതൽ ലോകകപ്പിന് യോഗ്യത നേടുമ്പോഴെല്ലാം നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ സ്വീഡനും സാധിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി.
മൂന്നാം മിനിറ്റിൽ എല്ലിസ് സ്ഖിരിയുടെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ഡച്ചുകാർക്കായി ഏഴാം മിനിറ്റിൽ ബ്രയാൻ ബ്രോബി രണ്ടാം ഗോൾ നേടി. 54-ാം മിനിറ്റിൽ ഹസേം മസ്തൂരിയിലൂടെ ടുണീഷ്യ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും, 62-ാം മിനിറ്റിൽ ജാൻ പോൾ വാൻ ഹെക്ക് നെതർലൻഡ്സിന്റെ വിജയമുറപ്പിച്ച മൂന്നാം ഗോൾ സ്വന്തമാക്കി.
ഗ്രൂപ്പ് ചാമ്പ്യന്മാരായ നെതർലൻഡ്സ് അടുത്ത റൗണ്ടിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ മൊറോക്കോയെ നേരിടും.
English Summary: Japan secured their spot in the round of 16 following a 1-1 draw against Sweden, setting up a highly anticipated Brazil vs Japan World Cup knockout match. Meanwhile, the Netherlands topped Group F after defeating Tunisia and will now face Morocco in the next round.
