ഫിഫ ലോകകപ്പിന് തിരശ്ശീല ഉയരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയുടെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരിയറിലെ അവസാന ലോകകപ്പാണിത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഫുട്ബോൾ ലോകം ഏറെ കാത്തിരിക്കുന്ന മെസ്സി-റൊണാൾഡോ പോരാട്ടത്തിന് ഇത്തവണ ലോകകപ്പിൽ വേദി ഒരുങ്ങുമോ? അറിയാം..(Messi Ronaldo World Cup Clash)
ALSO READ:
- 2026 ൽ ആര് കപ്പുയർത്തും?: 3 തവണ കൃത്യമായി ലോകചാമ്പ്യന്മാരെ പ്രവചിച്ച ഗണിത ശാസ്ത്രജ്ഞന്റെ പ്രവചനമെത്തി
- ഫുട്ബാളിൽ 8 പുതിയ നിയമങ്ങൾ: ഈ ലോകകപ്പ് മുതൽ പ്രാബല്യത്തിൽ
ആറ് വർഷത്തെ കാത്തിരിപ്പ്

ഫുട്ബോൾ മൈതാനത്ത് മെസ്സിയും റൊണാൾഡോയും നേർക്കുനേർ വന്നിട്ട് ഏകദേശം ആറു വർഷമായി.
അവസാനമായി 2020-ൽ ക്യാമ്പ് നൗവിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്.
റൊണാൾഡോ രണ്ട് ഗോളുകൾ നേടിയ അന്ന് യുവന്റസ് 3-0നാണ് ബാഴ്സലോണയെ തോൽപ്പിച്ചത്.
അതിനു ശേഷം ഇരുവരും വ്യത്യസ്ത ക്ലബ്ബുകളിലേക്ക് മാറിയതോടെ കരിയർ പാതകൾ കൂടിച്ചേർന്നിട്ടില്ല. എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ അർജന്റീനയും പോർച്ചുഗലും തങ്ങളുടെ ഗ്രൂപ്പുകളിൽ നേടുന്ന സ്ഥാനങ്ങൾക്കനുസരിച്ച് ഇരുവരും നേർക്കുനേർ വരാൻ സാധ്യതയുണ്ട്.
ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടാനുള്ള സാധ്യത

ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ് ജെയിലാണ്. പോർച്ചുഗൽ ഗ്രൂപ്പ് കെയിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്
അർജന്റീനയും പോർച്ചുഗലും അവരവരുടെ ഗ്രൂപ്പുകളിൽ ചാമ്പ്യന്മാരായാൽ അവർ ടൂർണമെന്റിന്റെ ഫിക്സ്ചറിൽ ഒരേ വശത്തായിരിക്കും വരിക.
തുടർന്ന് ഇരുവരും റൗണ്ട് ഓഫ് 32, പ്രീ ക്വാർട്ടർ മത്സരങ്ങളിൽ വിജയിച്ചാൽ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീന-പോർച്ചുഗൽ മെഗാ പോരാട്ടത്തിന് കളമൊരുങ്ങും.
പ്രീ ക്വാർട്ടർ അല്ലെങ്കിൽ ഫൈനൽ സാധ്യതകൾ

ക്വാർട്ടർ ഫൈനൽ കൂടാതെ മറ്റ് രണ്ട് സാധ്യതകൾ കൂടിയുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം..
- പ്രീ ക്വാർട്ടർ പോരാട്ടം: അർജന്റീനയും പോർച്ചുഗലും അവരവരുടെ ഗ്രൂപ്പുകളിൽ റണ്ണറപ്പുകളായാൽ ഇരുവരും പ്രീ ക്വാർട്ടറിൽ തന്നെ നേർക്കുനേർ വരും. എന്നാൽ ഗ്രൂപ്പിലെ നിലവിലെ എതിരാളികളെ കണക്കിലെടുക്കുമ്പോൾ ഇവർ രണ്ടാം സ്ഥാനത്താകാൻ സാധ്യത കുറവാണ്.
- ഫൈനൽ പോരാട്ടം: ഇരു ടീമുകളിൽ ഒന്ന് തങ്ങളുടെ ഗ്രൂപ്പിലെ ജേതാക്കളാകുകയും, മറ്റേ ടീം ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്താൽ പിന്നീട് ഫൈനലിൽ മാത്രമേ ഇരുവരും തമ്മിലുള്ള മത്സരത്തിന് സാധ്യതയുള്ളൂ.
ഏതായാലും മെസ്സിയും റൊണാൾഡോയും തങ്ങളുടെ കരിയറിലെ അവസാന ലോകകപ്പ് കിരീടത്തിനായി പൊരുതുമ്പോൾ ഈ ഒരു ചരിത്ര പോരാട്ടം നടക്കുമോ എന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ.
English Summary: The 23rd FIFA World Cup could witness a historic Messi Ronaldo World Cup Clash in the later stages. Depending on group stage finishes for Argentina and Portugal, the legendary duo might face each other in the round of 16, quarterfinals, or the final for one last time.
