ഓരോ സീസൺ ആരംഭിക്കുമ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ പ്രതീക്ഷകളോടെയാണ് ടീമിനെ കാത്തിരിക്കാറുള്ളത്. എന്നാൽ ഇത്തവണ ക്ലബ്ബിന്റെ കളിക്കളത്തിലെ നീക്കങ്ങളെക്കാൾ, ക്ലബിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ചർച്ചകളാണ് ആരാധകർക്കിടയിൽ ചൂടുപിടിക്കുന്നത്.
മാഗ്നം ഗ്രൂപ്പിൽ നിന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ഒരു പുതിയ കൺസോർഷ്യം സ്വന്തമാക്കാൻ പോകുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
പ്രമുഖ കായിക മാധ്യമപ്രവർത്തകരായ മാർക്കസ് മെർഗുല്ലോ, ആശിഷ് നെഗി തുടങ്ങിയവരൊക്കെ കൈമാറ്റം ഉടനുണ്ടാകുമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ക്ലബിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഈ കൈമാറ്റ വാർത്തകൾക്കിടയിലാണ് മഞ്ഞപ്പടയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന മറ്റൊരു വലിയ അപഡേറ്റ് കൂടി വരുന്നത്. സ്വന്തം തട്ടകവും ആസ്ഥാനവും വിട്ട് ക്ലബ് മറ്റൊരു ഇടത്തിലേക്ക് മാറാൻ ആലോചിക്കുന്നു എന്ന വാർത്തയാണത്.

ക്ലബ് രൂപീകൃതമായത് മുതൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആസ്ഥാനവും ഹോം ഗ്രൗണ്ടുമെല്ലാം കൊച്ചിയായിരുന്നു.
എന്നാൽ കൊച്ചിയിൽ നിന്നും ക്ലബിന്റെ ആസ്ഥാനം വടക്കൻ കേരളത്തിലേക്ക് മാറ്റാനാണ് പുതിയ ഉടമസ്ഥർക്കിടയിലെ പ്രധാന ചർച്ചയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
ക്ലബ് വാങ്ങാൻ താല്പര്യപ്പെടുന്ന കൺസോർഷ്യത്തിൽ നിരവധി പ്രമുഖ വ്യവസായികളും സംരംഭകരുമുണ്ട്. ഇതിൽ വടക്കൻ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പും ഉൾപ്പെടുന്നുണ്ട്. ഇവരാണ് ക്ലബിന്റെ പുതിയ തട്ടകം മലബാറിലേക്ക് മാറ്റണമെന്ന ശക്തമായ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കുമെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന കൊച്ചി കലൂർ സ്റ്റേഡിയത്തിന് ഉയർന്ന വാടക നൽകേണ്ടതുണ്ട്. കൂടാതെ സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ജിസിഡിഎയുമായി ക്ലബിന് അത്ര സുഖകരമായ ബന്ധമല്ല ഉള്ളത്. ഇതിനെ അപേക്ഷിച്ച് പയ്യനാട് സ്റ്റേഡിയത്തിൽ വളരെ കുറഞ്ഞ ചെലവിൽ കാര്യങ്ങൾ നടക്കും.
എന്നാൽ കേവലം സാമ്പത്തിക ലാഭമോ ജിസിഡിഎയുമായുള്ള പ്രശ്നങ്ങളോ മാത്രമല്ല, പുതിയ കൺസോർഷ്യത്തിലെ മലബാർ ഗ്രൂപ്പിന്റെ വ്യക്തിപരമായ താല്പര്യമാണ് വടക്കൻ കേരളത്തിലേക്കുള്ള ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
അതേസമയം, ആസ്ഥാന മാറ്റം പൂർണ്ണമായും ഉറപ്പിക്കാൻ ഇപ്പോൾ സാധിക്കില്ല. കാരണം ഒന്നിലധികം വ്യക്തികളും ഗ്രൂപ്പുകളും അടങ്ങുന്ന കൺസോർഷ്യത്തിൽ എല്ലാവരുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ ഇത്തരം വലിയൊരു തീരുമാനവുമായി മുന്നോട്ടുപോകാൻ കഴിയൂ.
കൊച്ചിയിൽ നിന്നും ക്ലബ്ബിന്റെ ആസ്ഥാനം മാറ്റുന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിലും ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്.
കൊച്ചി എന്നത് ബ്ലാസ്റ്റേഴ്സിന്റെ വൈകാരികമായ തട്ടകമാണെന്നും, അത് മാറ്റുന്നത് ക്ലബിന്റെ ആത്മാവിനെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നു.
എന്നാൽ ഉയർന്ന സ്റ്റേഡിയം വാടക ഇനത്തിൽ ലാഭിക്കുന്ന തുക മികച്ച കളിക്കാരെ ടീമിലെത്തിക്കാൻ ഉപയോഗിക്കാമെന്നതിനാൽ ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നവരും കുറവല്ല.
എന്തായാലും ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന്റെ ഭാവി തട്ടകം എവിടെയായിരിക്കുമെന്ന് വ്യക്തമാവുകയുള്ളൂ.
ALSO READ:
- ജംഷഡ്പൂർ എഫ്സി മടങ്ങിവരും!: തിരിച്ചെത്തിക്കാൻ നീക്കങ്ങൾ സജീവം, ക്ലബ്ബുകളും എഐഎഫ്എഫ് പ്രതിനിധികളും ചർച്ച നടത്തും
- വിനിഷ്യസും എൻഡ്രിക്കുമൊക്കെ ഇന്ത്യക്കെതിരെ കളിക്കുമോ? മറുപടിയുമായി ആൻസിലോട്ടി
ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകളായി, ഇനി സൈനിംഗുകൾ: 2 പേർ ടീമിൽ തുടരും
English Summary: The Kerala Blasters Ownership Transfer from Magnum Group to a new consortium is nearing finalization. Reports suggest the new owners, including a North Kerala real estate group, are considering shifting the club’s headquarters and home ground from Kochi to Malappuram’s Payyanad Stadium, triggering mixed reactions among fans.
