സമീപകാലത്തായി മിന്നും ഫോമിലുള്ള ബ്രസീലിയൻ താരം ആന്റണി പുതിയ ക്ലബ്ബിലേക്ക്..മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ താരമായ ആന്റണി സീസണിലെ മോശം പ്രകടനം കാരണവും റൂബൻ അമോറിമിന്റെ വരവും കാരണമാണ് ജനുവരിയിൽ സ്പാനിഷ് ക്ലബ് റയൽ ബെറ്റിസിലേക്ക് ലോൺ വ്യവസ്ഥയിൽ പോയത്.
എന്നാൽ യുണൈറ്റഡിൽ കണ്ട ആന്റണി ആയിരുന്നില്ല ബെറ്റിസിൽ കണ്ടത്. സ്പാനിഷ് ക്ലബ്ബിനായി മിന്നും പ്രകടനമാണ് താരം നടത്തിയത്. ബെറ്റിസിനായി സീസണിൽ 26 മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്.
ലോൺ കാലാവധി കഴിഞ്ഞതോടെ താരം യുണൈറ്റഡിൽ തിരിച്ചെത്തും. എന്നാൽ യുണൈറ്റഡിന് താരത്തെ വിൽക്കാനാണ് ആഗ്രഹം. ഈ സാഹചര്യത്തിൽ താരത്തെ സ്വന്തമാക്കാൻ ജർമൻ ക്ലബ് ബയേൺ ലവർകൂസൻ രംഗത്ത് വന്നിരിക്കുകയാണ്. ക്ലബ് പരിശീലകൻ എറിക്ക് ടെൻ ഹാഗ് തന്നെയാണ് നീക്കത്തിന് പിന്നിൽ.
ടെൻ ഹാഗിന് കീഴിൽ ഡച്ച് ക്ലബ് അയാക്സിൽ കളിച്ച താരമാണ് ആന്റണി. പിന്നീട് ടെൻ ഹാഗ് യുണൈറ്റഡിൽ എത്തിയപ്പോൾ ആന്റണിയെയും ഒപ്പം കൂട്ടി. എന്നാൽ ടെൻ ഹാഗ് പോയതോടെ ആന്റണി യുണൈറ്റഡിൽ അതൃപ്തനുമായി.
നിലവിൽ ബയേൺ ലെവർകൂസൻറെ പുതിയ പരിശീലകനായി ടെൻ ഹാഗ് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് ക്ലബ് ആന്റണിയ്ക്ക് വേണ്ടി ശ്രമം നടത്തുന്നത്. ലെവർകൂസൻ താരം ഫ്ലോറിയൻ വിർട്സ് ക്ലബ് വിടുമെന്ന് ഉറപ്പാണ്. ആ സ്ഥാനത്തേക്കാണ് ആന്റണിയെ എത്തിക്കാൻ ലെവർകൂസൻ ശ്രമിക്കുന്നത്.
