യൂറോപ്യൻ മാധ്യമമായ സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം എസി മിലാൻ തങ്ങളുടെ പോർച്ചുഗീസ് സൂപ്പർ താരം റഫേൽ ലിയാവോയെ വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് ബാഴ്സലോണയെ അറിയിച്ചിരിക്കുകയാണ്. 70 ദശലക്ഷം യൂറോയും അനുബന്ധ വേരിയബിളുകളും അടങ്ങുന്ന ഒരു ഓഫർ അവർക്ക് സ്വീകാര്യമാണെന്ന് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
അത്‌ലറ്റിക് ബിൽബാവോ വിങ്ങർ നിക്കോ വില്യംസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ നേരത്തെ ശക്തമായി ശ്രമിച്ചിരുന്നു. എന്നാൽ നിക്കോ അത്‌ലറ്റികോയുമായി 10 വർഷത്തെ ദീർഘകാല കരാർ പുതുക്കിയത് ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ, മറ്റൊരു മികച്ച വിങ്ങറായ ലിയാവോയെ സ്വന്തമാക്കേണ്ടത് ബാഴ്‌സയുടെ അഭിമാന പ്രശ്‌നം കൂടിയാണ്.
ലിയാവോ ബാഴ്സലോണയിലേക്ക് എത്തുകയാണെങ്കിൽ അത് ക്ലബ്ബിന്റെ ആക്രമണനിരയ്ക്ക് വലിയ മുതൽക്കൂട്ടാകും. വേഗതയും ഡ്രിബ്ലിംഗ് മികവും ഗോൾ സ്കോറിംഗ് ശേഷിയുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യവും ലാമിനെ യമാലുമായുള്ള കൂട്ട്കെട്ടും ബാഴ്സയുടെ കളിക്ക് പുതിയ മാനം നൽകും.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ബാഴ്സലോണക്ക് ലിയാവോയ്ക്ക് വേണ്ടി ഈ വലിയ തുക മുടക്കാൻ സാധിക്കുമോ എന്നത് നിർണായകമാണ്. നിക്കോ വില്യംസിനെ നഷ്ടപ്പെട്ട സാഹചര്യത്തിൽ ലിയാവോയെ സ്വന്തമാക്കുന്നത് ക്ലബ്ബിന്റെ ആരാധകർക്കിടയിൽ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും.
വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ നീക്കത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ലിയാവോയുടെ ഭാവി എസി മിലാനിലാണോ അതോ ബാഴ്സലോണയിലാണോ എന്ന് കാത്തിരുന്ന് കാണാം.