ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ സമീപ കാലത്തായി ഇന്ത്യൻ കുപ്പായത്തിൽ മിന്നും പ്രകടനം നടത്തുന്ന താരം സ്‌ക്വാഡിൽ നിന്ന് പുറത്തായത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഢിയാണ് ബിസിസിഐയുടെ പ്രഖ്യാപനത്തിൽ പുറത്തായത്. സമീപ കാലത്തായി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച നിതീഷ് ടി20യിലും ഇക്കഴിഞ്ഞ ബോർഡർ- ഗാവസ്‌കർ ട്രോഫിയിലും മികച്ച പ്രകടനമാണ് നടത്തിയത്. എന്നിട്ടും താരത്തെ ചാമ്പ്യൻസ് ട്രോഫിക്ക് പരിഗണിക്കാത്ത ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്.

ടീമിൽ അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നീ സ്പിന്ന് ഓൾറൗണ്ടർമാർ ഇടം പിടിച്ചെങ്കിലും പേസ് ബൗളിംഗ് ഓൾറൗണ്ടറായ നിതീഷ് പുറത്താവുകയായിരുന്നു.

അതേ സമയം, ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചതാണ് സ്‌ക്വാഡിലെ മറ്റൊരു സവിശേഷത. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന വിദര്‍ഭ ക്യാപ്റ്റന്‍ കരുണ്‍ നായരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ഇടം കണ്ടെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുണ്ടാവും. മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നൊഴിവാക്കി. അര്‍ഷ്ദീപ് സിംഗ് പകരം ടീമിലെത്തി.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, രവിന്ദ്ര ജഡേജ, റിഷഭ് പന്ത്.