CricketCricket LeaguesIndian Cricket TeamIndian Premier LeagueSports

ഒരാഴ്ചയിൽ നിൽക്കില്ല, ഐപിഎല്ലിനായി കാത്തിരിപ്പ് നീളും; ബിസിസിഐയ്ക്ക് പുതിയ പ്ലാൻ

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെ ഇന്ത്യ ഏഷ്യ കപ്പിൽ നിന്നും പിന്മാറാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ഏഷ്യ കപ്പിന് മുന്നോടിയായിട്ടുള്ള ബംഗ്ലാദേശ് ടൂറും ഇന്ത്യ ഉപേക്ഷിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. എന്നാൽ ഏഷ്യ കപ്പിൽ നിന്നും പിന്മാറുന്ന സാഹചര്യത്തിൽ ഐപിഎൽ 2025 ന്റെ രണ്ടാം പതിപ്പ് നടത്താൻ ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. പ്ലേ ഓഫിന് മുമ്പ് 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു ബിസിസിഐ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം സര്‍ക്കാര്‍ നിര്‍ദേശം കൂടി ലഭിച്ചശേഷമെ എപ്പോള്‍ പുനരാരംഭിക്കാനാവുമെന്ന് പറയാനാവൂ എന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുന്ന സാഹചര്യത്തില്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഏഷ്യ കപ്പ് നടക്കേണ്ടിയിരുന്ന സെപ്റ്റംബറില്‍ നടത്താനാവുമോ എന്നും ബിസിസിഐ ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം ഇന്ത്യ ഏഷ്യ കപ്പിൽ നിന്നും പിന്മാറിയാൽ ടൂർണമെന്റ് തന്നെ ഒഴിവാക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഇന്ത്യയാണ് ഏഷ്യ കപ്പിന്റെ പ്രധാന ആകർഷണ ഘടകവും പ്രധാന വരുമാനവും.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് ടി20 ഫോര്‍മാറ്റിലായിരുന്നു ഇത്തവണ ടൂര്‍ണമെന്‍റ് നടക്കേണ്ടിയിരുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലായിരുന്നു മത്സരിക്കേണ്ടത്.