മുൻ ശ്രീലങ്കൻ താരം സചിത്ര സേനാനായകെയ്ക്കെതിരെയുള്ള ഒത്ത് കളി കേസിൽ ഔദ്യോഗിക കുറ്റപത്രം സമര്‍പ്പിച്ചു. 2023 സെപ്റ്റംബറില്‍ സേനാനായകെ അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. സ്പോര്‍ട്സുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമപ്രകാരം കൊളംബോ ഹൈക്കോടതിയിലാണ് സേനാനായകെയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സഹതാരത്തെ ഒത്തുകളിക്കായി പ്രേരിപ്പിച്ചതിനാണ് മുന്‍ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ കൂടിയായ താരത്തിനെതിരെ ഹംബന്‍ടോട്ട് ഹൈക്കോടതി കുറ്റം ചുമത്തിയത്. 2020ല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എഡിഷനിടെയായിരുന്നു സംഭവം.
ടൂര്‍ണമെന്റില്‍ സേനാനായകെ ഒരു ടീമിന്റെയും കളിക്കാരനായിരുന്നില്ല. മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം വിദേശത്തായിരുന്നു. എന്നാല്‍ ശ്രീലങ്കയിലുളള കളിക്കാരുമായി ഒത്തുകളിക്കായി താരം ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
2020ലെ എല്‍പിഎല്ലില്‍ പങ്കെടുത്ത രണ്ട് കളിക്കാരെ ദുബായില്‍ നിന്ന് ടെലിഫോണ്‍ വഴി സേനാനായകെ ബന്ധപ്പെട്ടതായും ഒത്തുകളിയില്‍ ഏര്‍പ്പെടാന്‍ അവരോട് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
2013 ലാണ് താരം ഐപിഎൽ ക്ലബായ കെകെആറിൽ കളിച്ചത്. അന്ന് 8 മത്സരങ്ങളിൽ നിന്നായി 6.53 എക്കോണമിയിലും 23.22 ആവറേജിലും താരം 9 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
