കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി സ്റ്റേഡിയം വിട്ട് മറ്റൊരു നഗരത്തിലേക്ക് മാറാൻ ശ്രമിക്കുന്നതായി ചില റിപോർട്ടുകൾ രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഐഎസ്എൽ സീസൺ സമയത്ത് കൊച്ചി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാൻ ഉദ്ദേശിക്കുന്നത് എന്നതായിരുന്നു റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നത്. ലയണൽ മെസ്സിയുടെ കേരളാ വരവ് പ്രചാരണങ്ങൾക്കും ഇതിൽ പങ്കുണ്ടായിരുന്നു. മെസ്സി അടുത്ത വർഷം മാർച്ചിൽ വരുമെന്നും അതിനാൽ മാർച്ച് മാസം വരെ സ്റ്റേഡിയത്തിന്റെ ഉത്തരവാദിത്വം സ്പോൺസർമാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് മാസം വരെ സ്പോൺസർമാർ സ്റ്റേഡിയം കൈവശം വെച്ചാൽ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ കളിക്കാനാവില്ല. ഇപ്പോഴിതാ ഇക്കാര്യങ്ങൾക്കെല്ലാം ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ.
ALSO READ: ബ്ലാസ്റ്റേഴ്സ് നാളെ ആദ്യപോരാട്ടത്തിന്; സാധ്യത ഇലവൻ ഇപ്രകാരം
കലൂർ സ്റ്റേഡിയം മുഴുവനായും സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും അത് കഴിഞ്ഞാൽ സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നവീകരണ പ്രവർത്തനങ്ങൾ നവംബർ 30 ന് അവസാനിക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയങ്കിൽ നവംബർ 30 ന് ശേഷം സ്റ്റേഡിയം ജിസിഡിഎയ്ക്ക് തിരികെ ലഭിക്കുകയും ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം വാടകയ്ക്കെടുക്കാനും സാധിക്കും.
ALSO READ: ‘അവരുടെ പ്രകടനം മികച്ചത്’; അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ
സാധാരണ ഗതിയിൽ ഐഎസ്എൽ സീസൺ സമയത്ത് ജിസിഡിഎയിൽ നിന്നും വാടക അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സ് കൊച്ചി സ്റ്റേഡിയത്തിൽ കളിക്കുന്നത്. എന്നാൽ ഇത്തവണ മെസ്സിയെ കൊണ്ട് വരാമെന്ന് പറഞ്ഞ സ്പോൺസർമാരുടെ ഇടപെടൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക ഉണ്ടാക്കിയിരുന്നു. ആ ആശങ്കയാണ് ഇപ്പോൾ മുഖ്യമന്ത്രി മാറ്റിയിരിക്കുന്നത്.ഏതായാലും ഐഎസ്എൽ സീസൺ സമയത്ത് കൊച്ചി സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് ലഭിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
ALSO READ: ലൂണ നയിക്കും; നാല് ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്!
