സമീപകാലത്ത് ടി20 ഫോർമാറ്റിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണ് ഏഷ്യകപ്പ് അത്ര നല്ലതായിരുന്നില്ല. ശുഭ്മാൻ ഗിൽ ഉപനായകനായി ടി20 ഫോര്മാറ്റിലേക്ക് മടങ്ങിയെത്തിയതോടെ സഞ്ജുവിന് ഓപ്പണിങ് പൊസിഷൻ നഷ്ടമായി. ടോപ് ഓർഡറിലെ മൂന്നാം സ്ഥാനവും നഷ്‌ടമായ സഞ്ജു മധ്യനിരയിലേക്ക് തള്ളപ്പെട്ടു. എന്നാൽ സഞ്ജുവിന് അവിടെയും അവസരമില്ലെന്ന് വ്യക്തമാക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീർ.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യ ആധികാരിക വിജയം നേടിയെങ്കിലും മത്സരത്തിൽ ഗംഭീർ ബാറ്റിംഗ് ഓർഡറിൽ നടത്തിയ പരിഷ്‌കാരങ്ങൾ സഞ്ജുവിന് ടി20 ഫോർമാറ്റിൽ അവസരമില്ലെന്ന് തെളിയിക്കുന്നതാണ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ആദ്യ വിക്കറ്റ് ഏഴാം ഓവറിൽ ശുഭ്മാൻ ഗില്ലിന്റെതായിരുന്നു. സാധാരണഗതിയിൽ മൂന്നാം നമ്പറിൽ ഇറങ്ങാറ് നായകൻ സൂര്യകുമാർ യാദവാണ്. എന്നാൽ ഗംഭീർ മൂന്നാം നമ്പറിൽ പരീക്ഷിച്ചത് ഓൾറൗണ്ടർ ശിവം ദുബെയെയാണ്. മൂന്നാം നമ്പറിൽ കളിച്ച് ശീലമുള്ള സഞ്ജു ടീമിലുണ്ടായിരിക്കെയാണ് സമീപകാലത്തൊന്നും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാത്ത ദുബെയ്ക്ക് ഗംഭീർ അവസരം നൽകുന്നത്.
ലെഫ്റ്റ്- റൈറ്റ് കോമ്പിനേഷനുകൾ ഗംഭീർ ഉപയോഗിക്കാറുണ്ടെങ്കിലും ദുബെ ക്രീസിലെത്തുമ്പോൾ മറുഭാഗത്ത് ഉണ്ടായിരുന്നത് മറ്റൊരു ലെഫ്റ്റ് ഹാൻഡറായ അഭിഷേക് ശർമയാണ്. സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കാത്തത് ലെഫ്റ്റ്- റൈറ്റ് കോമ്പിനേഷൻ തന്ത്രമല്ലെന്ന് ഇതിലൂടെ വ്യക്തം.
മൂന്ന് പന്തിൽ രണ്ട് റൺസുമായി ദുബെ പുറത്തായതോടെ ക്രീസിലെത്തിയത് നായകൻ സൂര്യകുമാർ ആണ്. അഞ്ചാമനായി സഞ്ജു എത്തുമെന്ന് കരുതിയെങ്കിലും അഞ്ചാമനായി വന്നത് ഹർദിക് പാണ്ട്യയാണ്. പിന്നീട എത്തിയത് തിലക് വർമയും. ബാറ്റിംഗ് ഓർഡർ പൊളിച്ചെഴുതിയപ്പോൾ സഞ്ജുവിന് അവസരവും കിട്ടിയില്ല. ഇതോടെ സഞ്ജു ടീമിന്റെ ഭാഗമല്ലെന്ന് പരിശീലകൻ ഗംഭീർ പറയാതെ പറയുകയാണ്. അടുത്ത മത്സരത്തിൽ സഞ്ജുവിന് പകരം ജിതേഷ് ശർമ ടീമിൽ ഇടം പിടിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
content: Coach Gautam Gambhir’s decision to not give Sanju Samson a chance in the India-Bangladesh match in the Asia Cup 2025 is a hint that Sanju will be dropped from the team.
