സീസണിൽ മോശം പ്രകടനവുമായി പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സ് അടുത്ത സീസണിൽ മികച്ച പ്രതീക്ഷകൾ നൽകുന്നുണ്ട്. സൗത്ത് ആഫ്രിക്കൻ യുവ ബാറ്റർ ഡിവാൾഡ് ബ്രെവിസ്, ഇന്ത്യൻ കൗമാര താരം ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, നൂർ അഹമ്മദ്, അൻഷുൽ കംബോജ് എന്നിവർ അടുത്ത സീസണിലേക്ക് പ്രതീക്ഷ നല്കുന്നവരാണ്. എന്നാൽ അടുത്ത സീസണിലേക്ക് ചെന്നൈ മറ്റൊരുശുഭ സൂചന കൂടി നൽകുന്നുണ്ട്.
ഇത്തവണ ബാറ്റിംഗ് നിരയായിരുന്നു ചെന്നൈയുടെ പ്രധാന പ്രശ്‌നം. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി, ദീപക് ഹൂഡ എന്നിവർക്ക് ഇത്തവണ തിളങ്ങാനായില്ല. പകരക്കാരായെത്തിയ ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരാണ് ഈ പോരായ്മ പരിഹരിച്ചത്. എന്നാൽ അടുത്ത സീസണിലേക്ക് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ സിഎസ്കെ ഒരു നീക്കം നടത്തിയിട്ടുണ്ട്.
സിഎസ്കെയുടെ മുൻ വെടിക്കെട്ട് താരം സുരേഷ് റെയ്നയെ അടുത്ത സീസണിൽ ടീമിന്റെ ബാറ്റിംഗ് പരിശീലകനാക്കി ടീമിലെത്തിച്ച് ബാറ്റിംഗ് നിരയെ ശക്തിയപ്പെടുത്താനാണ് സിഎസ്കെയുടെ നീക്കം. അടുത്ത സീസണിൽ താൻ സിഎസ്കെയിലേക്ക് മടങ്ങുമെന്ന് റെയ്നസൂചന നൽകിയിരുന്നു.
ഇന്നലെ നടന്ന സിഎസ്‌കെ-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിടെ കമന്ററി ചെയ്യുമ്പോഴാണ് അദ്ദേഹം തിരിച്ചുവരവ് നടത്തുമെന്ന് സൂചന നല്‍കിയത്. സിഎസ്‌കെയുടെ വരാന്‍ പോകുന്ന പരിശീലകന്‍ ഐപിഎല്‍ ടീമിനായി ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറി നേടിയ ആളാണ് എന്നായിരുന്നു റെയ്‌നയുടെ പരാമര്‍ശം.ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ഏറ്റവും വേഗതയേറിയ ഫിഫ്റ്റി റെക്കോഡ് റെയ്നയുടെ പേരിലാണ്. ഇതോടെ വരാനിരിക്കുന്നത് റൈന തന്നെയാണ് എന്ന് വ്യകത്മാവുകയാണ്.
റെയ്ന ബാറ്റിംഗ് പരിശീലകനായി മടങ്ങിയെത്തുന്നതോടെ സിഎസ്കെയുടെ ബാറ്റിംഗ് കൂടുതൽ അക്രമോൽസുകമാവുമെന്ന് പ്രതീക്ഷിക്കാം..നിലവിൽ മൈക്ക് ഹസ്സിയാണ് ടീമിന്റെ ബാറ്റിംഗ് പരിശീലകൻ. ഹസ്സിയെക്കാൾ ടി20യിൽ അനുഭവ സമ്പത്തും ബാറ്റിംഗ് അഗ്രഷനുമുള്ള താരമാണ് റെയ്ന. അദ്ദേഹം ബാറ്റിംഗ് പരിശീലകനാവുന്നത് അടുത്ത സീസണിൽ ചെന്നൈയ്ക്ക് ഗുണകരമാവും.
