ഒരു താരത്തിന്റെ പ്രകടനം മോശമാവുക എന്നത് സ്വാഭാവികമാണ്. ആർക്കും എല്ലാ ദിവസവും തിളങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തവണ ഐപിഎൽ സീസണിലും നിരവധി താരങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് ഒറ്റയ്ക്കിരുന്ന് കരഞ്ഞ സൂപ്പർ താരത്തിന്റെ വെളിപ്പെടുത്തലും ചർച്ചയാവുകയാണ്.
ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ സ്പിന്നർ രവി അശ്വിനാണ് മോശം പ്രകടനത്തെ തുടർന്ന് ഒറ്റയ്ക്കിരുന്ന് കരഞ്ഞത്. യൂട്യൂബ് ലൈവ് പരിപാടിക്കിടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടീമിന്റെ മോശം പ്രകടനത്തില്‍ കടുത്ത വിഷമമുണ്ടെന്നും ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നുമായിരുന്നു അശ്വിന്റെ വാക്കുകൾ.
ലൈവ് പരിപാടിക്കിടെ ചെന്നൈ ടീം വിടണമെന്ന് ഒരു ആരാധകന്‍ താരത്തോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഹായ് അശ്വിന്‍, ഇഷ്ടത്തോടെ പറയുകയാണ്, ദയവായി സിഎസ്‌കെ കുടുംബം വിടണമെന്നാണ് ആരാധകന്റെ വാക്കുകൾ. ഇതിനോടാണ് അശ്വിന്റെ പ്രതികരണം.
ഈ സന്ദേശത്തിന് പിന്നിലുള്ള സ്‌നേഹം എനിക്ക് മനസിലാവുന്നുണ്ട്. ഞാനും ടീമിനെ വളരെയധികം കരുതലോടെയാണ് സമീപിച്ചത്. ഞാന്‍ കഠിധ്വാനം ചെയ്തു. എവിടെയാണ് മെച്ചപ്പെടുത്തേണ്ടതെന്നറിയാം. ഞാന്‍ പവര്‍ പ്ലേയില്‍ ധാരാളം റണ്‍സ് വഴങ്ങി. അടുത്ത സീസണില്‍ ബൗളിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിക്കും. എനിക്ക് പന്ത് നല്‍കിയാല്‍ ബൗള്‍ ചെയ്യും. അതല്ല ബാറ്റ് ചെയ്യാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് ചെയ്യും. ഞാന്‍ ഏറ്റവും മികച്ചത് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അശ്വിൻ പറഞ്ഞു.
2009 മുതല്‍ ഏഴുവര്‍ഷത്തോളം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചു. ടീമിന്റെ ഉയര്‍ച്ച കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും വിഷമിക്കുന്നത് ഇതാദ്യമാണ്. അതുകൊണ്ടാണ് ഒറ്റയ്ക്കിരുന്ന് ഞാന്‍ കരയാറുള്ളത്. ഒരാള്‍ക്ക് സങ്കല്‍പ്പിക്കാനാകുന്നതിനുമപ്പുറമുള്ള കരുതല്‍ ഞാന്‍ ടീമിന് നല്‍കുന്നുണ്ട്. ഇനി എന്ത് ചെയ്യാനാകുമെന്നതിലാണ് എന്റെ ശ്രദ്ധയെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
