ഐഎസ്എൽ ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിന് ഫിഫയുടെ ദേശീയ രജിസ്ട്രേഷൻ വിലക്ക്. ഉസ്ബെക്കിസ്ഥാൻ ഫുട്ബോൾ താരം കാസിമോവ് മിർജലോളിന് നൽകേണ്ട സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിൽ ക്ലബ് പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
ഫിഫയുടെ അച്ചടക്ക വിഭാഗം നേരത്തെ താരത്തിന് പ്രതിഫലം നല്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ക്ലബ് ഇത് പാലിക്കാത്തതാണ് വിലക്കിന് കാരണം. വിലക്ക് ക്ലബ്ബിന്റെ വരാനിരിക്കുന്ന മത്സരങ്ങളെ, പ്രത്യേകിച്ച് കൊൽക്കത്ത ഫുട്ബോൾ ലീഗിനെ (CFL) കാര്യമായി ബാധിക്കും.
ഏകദേശം 30 ലക്ഷം രൂപയോളം കുടിശ്ശിക തീർത്താൽ മാത്രമേ ഈ വിലക്ക് നീക്കാൻ കഴിയൂ. അതിനാൽ, സിഎഫ്എല്ലിലെ തങ്ങളുടെ ആദ്യ മത്സരം മാറ്റിവെക്കാൻ ക്ലബ് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകളുണ്ട്.
കൂടാതെ പരിശീലകൻ കോച്ച് ആന്ദ്രേ ചെർണിഷോവിന്റെ കുടിശ്ശിക 45 ദിവസത്തിനുള്ളിൽ തീർക്കാൻ ഫിഫ നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ചെയ്യാത്ത പക്ഷം കൂടുതൽ ട്രാൻസ്ഫർ വിലക്കുകളും അച്ചടക്ക നടപടികളും നേരിടേണ്ടി വരുമെന്നും ഫിഫ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്‌പോൺസർമാർ പിന്മാറിയതാണ് മൊഹമ്മദൻസ് എസ്സിസാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഉടൻ പുതിയ സ്പോൺസർമാരെ കണ്ടെത്തുമെന്നാണ് ഉടമകളുടെ അവകാശവാദം.