FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ച് വരും; പ്രഖ്യാപനവുമായി മുൻ താരം

ബ്ലാസ്റ്റേഴ്സിലെ ആറു വർഷത്തെ സേവനത്തിനുശേഷം ഒഡീഷ എഫ്.സി.യിലേക്ക് ചേക്കേറിയത് സ്വന്തം തീരുമാനപ്രകാരമായിരുന്നില്ല എന്ന കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട് .

കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ച് വരുമെന്ന് പ്രഖ്യാപിച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപി. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പ്രസ്താവനയ്‌ക്കൊപ്പം ചില വിവാദങ്ങൾക്കും ചർച്ചകൾക്കും രാഹുലിന്റെ പ്രസ്‌താവനകൾ കാരണമായിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിലെ ആറു വർഷത്തെ സേവനത്തിനുശേഷം ഒഡീഷ എഫ്.സി.യിലേക്ക് ചേക്കേറിയത് സ്വന്തം തീരുമാനപ്രകാരമായിരുന്നില്ല എന്ന കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട് . കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ നടന്ന ഈ കൈമാറ്റം ക്ലബ്ബ് വിട്ട രാഹുലിന്റെ മാത്രം താൽപര്യമായിരുന്നു എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാൽ, അതിനപ്പുറം ചില സംഭവവികാസങ്ങൾ ക്ലബ്ബിനകത്ത് നടന്നിട്ടുണ്ട് എന്ന് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

തന്റെ ക്ലബ്ബ് മാറ്റം പൂർണ്ണമായും സ്വയം എടുത്ത തീരുമാനമായിരുന്നില്ല എന്ന് രാഹുൽ കെ.പി. വെളിപ്പെടുത്തുമ്പോൾ അത് കേരള ബ്ലാസ്റ്റേഴ്‌സിലെ കളിക്കാരുടെ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. “ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പോയത് എന്റെ സ്വന്തം തീരുമാനമായിരുന്നില്ല. ക്ലബ്ബിനകത്ത് പല കാര്യങ്ങളും നടന്നിട്ടുണ്ട്, അത് പുറത്ത് അധികമാർക്കും അറിയില്ല” എന്ന താരത്തിന്റെ വാക്കുകൾ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഫിഫ അണ്ടർ-17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച രാഹുൽ കെ.പി., 2019-ലാണ് ഇന്ത്യൻ ആരോസിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിനായി 80-ൽ അധികം മത്സരങ്ങളിൽ കളിച്ച രാഹുൽ, ക്ലബ്ബിന്റെ രണ്ട് ഐ.എസ്.എൽ. ഫൈനൽ യാത്രകളിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

2025 ജനുവരിയിലാണ് രാഹുൽ കെ.പി. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷ എഫ്.സി.യിലേക്ക് ചേക്കേറുന്നത്. ഈ കൈമാറ്റം സംബന്ധിച്ച് ക്ലബ്ബ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും താരത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തിരുന്നു. രാഹുലിന്റെ ക്ലബ്ബ് മാറ്റം ഒഡീഷ എഫ്.സി.യുടെ പരിശീലകൻ സെർജിയോ ലോബേരയുടെ ആവശ്യപ്രകാരമായിരുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ താൻ തയ്യാറാണ് എന്നും ഒഡീഷ എഫ്.സി. മാത്രമാണ് തന്നോട് താൽപര്യം കാണിച്ചത് എന്നും അന്ന് രാഹുലും പ്രതികരിച്ചിരുന്നു. എന്നാൽ, ‘ക്ലബ്ബിനകത്ത് നടന്ന കാര്യങ്ങൾ’ എന്ന പുതിയ പരാമർശം, അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾക്ക് വിപരീതമായൊരു ചിത്രം നൽകുന്നു.

രാഹുൽ കെ.പി.യുടെ ഈ തുറന്നുപറച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ക്ലബ്ബിന്റെ ഭരണപരമായ കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചോ, അല്ലെങ്കിൽ ഏതെങ്കിലും കളിക്കാർക്ക് ക്ലബ്ബ് വിടാൻ നിർബന്ധിതമായ സാഹചര്യമുണ്ടായോ എന്ന ചോദ്യങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മറുപടി നൽകേണ്ടിവരും. സ്വന്തം മണ്ണിൽ നിന്നുള്ള പ്രതിഭകളെ നിലനിർത്തുന്നതിൽ ക്ലബ്ബിന് പറ്റിയ പാളിച്ചകളായാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്.

content: Former kbfc player Rahul KP announces return to Kerala Blasters