മുൻ ക്രൊയേഷ്യൻ ഇന്റർനാഷണൽ നിക്കോള പൊക്രിവാച്ച് മരണപ്പെട്ടു. ക്രൊയേഷ്യയിലെ കാർലോവാകിൽ വെള്ളിയാഴ്ച ഉണ്ടായ കാറപകടത്തിലാണ് താരം മരണപ്പെട്ടത്. 39 വയസായിരുന്നു.
മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം മാർക്കോ ലെസ്കോവിച്ചിന്റെ മുൻ സഹതാരം കൂടിയായിരുന്നു അദ്ദേഹം. ക്രൊയേഷ്യൻ ക്ലബായ റിജേക്കയ്ക്ക് വേണ്ടി ഇരുവരും 2013-14 സീസണുകളിൽ കളിച്ചിരുന്നു.
ഡിഫൻസീവ് മിഡ്ഫീൽഡറായി കളിച്ചിരുന്ന പൊക്രിവാച്ച് എഎസ് മൊണോക്കോ, ഡൈനാമോ സാഗ്രെബ്, റെഡ് ബുൾ സാൽസ്ബെർഗ്, എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിരുന്നു. ക്രൊയേഷ്യൻ ദേശീയ ടീമിനായി 15 മത്സരങ്ങളും താരം കളിച്ചിരുന്നു.
ഈ വർഷം തുടക്കത്തിൽ കളി മതിയാക്കിയ അദ്ദേഹം യൂത്ത് ടീമുകളെ പരിശീലിപ്പിച്ച് പരിശീലക കളരിക്കും തുടക്കം കുറിച്ചിരുന്നു.
അതേ സമയം, 4 വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ പൊക്രിവാച്ച് ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടിരുന്നു. ക്രൊയേഷ്യയിലെ നാലാം ഡിവിഷൻ ക്ലബ്ബിൽ കളിക്കുന്ന 3 താരങ്ങളും അപകട സമയത്ത് പൊക്രിവാച്ചിനൊപ്പം കാറിൽ ഉണ്ടായിരുന്നു.
ഇവർ 3 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേരുടെ നിലഗുരുതരമാണ് എന്നാണ് റിപോർട്ടുകൾ.