Indian Super LeagueKBFC

ഐഎസ്എൽ കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; പക്ഷെ..ഇത് വരെ കിരീടമില്ല

2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട അദ്ദേഹം ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ചെങ്കിലും ഐഎസ്എൽ കിരീടം ഉയർത്താനുള്ള ഭാഗ്യം ജിങ്കനുണ്ടായില്ല.

2014 മുതൽ 2020 വരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവിഭാജ്യഘടകമായിരുന്നു സന്ദേശ് ജിങ്കൻ. 2014 ൽ ഐഎസ്എല്ലിലെ ആദ്യ എമർജിങ് പ്ലേയറായി ബ്ലാസ്റ്റേഴ്സിലൂടെ തുടങ്ങിയ താരം 2017-18 സീസണിൽ മഞ്ഞപ്പടയുടെ കപ്പിത്താനുമായി. ഒടുവിൽ 2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട അദ്ദേഹം ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ചെങ്കിലും ഐഎസ്എൽ കിരീടം ഉയർത്താനുള്ള ഭാഗ്യം ജിങ്കനുണ്ടായില്ല.

2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട് മോഹൻ ബഗാനിൽ ചേർന്ന താരത്തിന് ബാഗാനൊപ്പം കിരീടം ഉയർത്താനായില്ല. അന്ന് മുംബൈ സിറ്റി എഫ്സിയോട് ഫൈനലിൽ തോൽക്കാനായിരുന്നു ബഗാന്റെ വിധി. ഇടയിൽ ക്രൊയേഷ്യൻ ക്ലബ്ബിൽ പോയെങ്കിലും 2022 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം വീണ്ടും ബഗാനിലെത്തി. എന്നാൽ അന്നും കിരീടം ഉയർത്താൻ ജിങ്കന് കഴിഞ്ഞില്ല..അന്ന് സെമിയിൽ ഹൈദരബാദിനോട് ബഗാൻ പരാജയപ്പെടുകയായിരുന്നു.

2022-23 സീസണിൽ ബംഗളുരു എഫ്സിയിൽ ചേർന്ന ജിങ്കൻ ബംഗളുരുവിനായി ഫൈനൽ കളിച്ചെങ്കിലും ഫൈനലിൽ മോഹൻ ബഗാനോട് പരാജയപ്പെട്ടു. തൊട്ടടുത്ത സീസണിൽ എഫ്സി ഗോവയിലേക്ക് താരം ചേക്കേറി, ആ സീസണിൽ സെമി ഫൈനലിൽ തോൽക്കാനായിരുന്നു ജിങ്കൻറെയും ഗോവയുടെയും വിധി.

ഈ സീസണിലും ജിങ്കനെ കിരീടമെന്ന ഭാഗ്യം അനുഗ്രഹിച്ചില്ല..ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും ബംഗളുരുവിനെതിരെ സെമിയിൽ പരാജയപ്പെട്ടു. ഇതോടെ ജിങ്കൻറെ ദൗർഭാഗ്യം വീണ്ടും നീണ്ടു.

ഐഎസ്എല്ലിൽ കിരീടം ഇല്ലെങ്കിലും 2012 ൽ യുണൈറ്റഡ് സിക്കിമിനൊപ്പം ഐ- ലീഗ് സെക്കന്റ് ഡിവിഷൻ, ബംഗളുരു എഫ്സിക്കൊപ്പം ഫെഡറെഷൻ കപ്പ്, ഡ്യൂറണ്ട് കപ്പ് എന്നീ കിരീടങ്ങൾ അദ്ദേഹം ക്ലബ് തലത്തിൽ നേടിയിട്ടുണ്ട്.