സമീപ കാലത്ത് മോശം പ്രകടനമാണ് കാഴ്ച്ച വെച്ചതെങ്കിലും ഐഎസ്എൽ കിരീട ജേതാക്കളാണ് ഹൈദരാബാദ് എഫ്സി. നേരത്തയുണ്ടായിരുന്നു സാമ്പത്തിക പ്രശ്‌നം പരിഹരിച്ച് പുതിയ നിക്ഷേപകരായ ബിസി ജിൻഡാൽ ഗ്രൂപ്പിന്റെ കീഴിൽ പുതിയ സീസണിൽ പുതിയ മുന്നൊരുക്കം നടത്താൻ ഒരുങ്ങുകയാണ് അവർ. എന്നാൽ ഐഎസ്എല്ലിൽ ഇനി മുതൽ ഹൈദരാബാദ് എഫ്സി എന്ന പേര് നമ്മുക്ക് കാണാനാവില്ല. കാരണം റീ- ബ്രാന്ഡിങ്ങിന് ഒരുങ്ങുകയാണ് ഹൈദരാബാദ്.
ഹൈദരാബാദ് വിട്ട് ഡൽഹിയിലേക്ക് പോകാൻ ക്ലബ് നീക്കം നടത്തുകയാണ്. ഡൽഹിയിലേക്ക് മാറുന്നതോടെ ഇനി ഹൈദരാബാദ് എന്ന ഫ്രാഞ്ചൈസി ഡൽഹി എഫ്സി എന്ന പേരോ അതുമായി ബന്ധപ്പെട്ട പേരോ സ്വീകരിച്ചായിരിക്കും അടുത്ത സീസണിൽ കളിക്കുക.
ഡൽഹിയിലേക്ക് ക്ലബ് മാറുന്നതുമായി ബന്ധപ്പെട്ട് എഐഎഫ്എഫിനും എഫ്എസ്ഡിഎല്ലിനും ക്ലബ് അപേക്ഷ നൽകിയിട്ടുണ്ട്. ഈ നടപടി ക്രമങ്ങൾ പൂർത്തിയായാൽ ക്ലബ്ബിന്റെ റീ- ബ്രാൻഡിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നത്.
ഹൈദരാബാദിലെ കാണികളുടെ എണ്ണം കുറഞ്ഞതും പുതിയ നിക്ഷേപകർ എത്തിയതുമാണ് ക്ലബ്ബിനെ ഹൈദരാബാദ് വിടാൻ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.
ഹൈദരാബാദിൽ കാണികൾ കുറയുന്നത് നേരത്തെ മുൻ ഹൈദരാബാദ് എഫ്സി പരിശീലകൻ മനോലോ മാർക്കസ് വ്യക്തമാക്കിയിരുന്നു. ഐഎസ്എൽ കിരീടം നേടിയിട്ടും ഐപിഎൽ ക്ലബായ സൺറൈസസ് ഹൈദരബാദിനോടാണ് ആളുകൾക്ക് പ്രിയമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.