കേരളാ ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസിനുള്ള അനുമതി എഐഎഫ്എഫ് തള്ളിയ കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചതാണ്. ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് തള്ളിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ലൈസൻസ് പ്രശ്നങ്ങൾ അവസാനിക്കാനുള്ള ഒരു എളുപ്പവഴി ഇപ്പോൾ തെളിഞ്ഞ് വരികയാണ്. ലയണൽ മെസ്സിയുടെ കേരളത്തിലേക്കുള്ള വരവാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ അവസാനിക്കാനുള്ള ഒരു ഉപാധിയായി മുന്നിലുള്ളത്.
മെസ്സി വരുന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.. പക്ഷെ മെസ്സി കേരളത്തിലേക്ക് വരികയാണ് എങ്കിൽ അർജന്റീനൻ ടീം എവിടെ കളിക്കും എന്നത് പ്രസക്തമായ ചോദ്യമാണ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് എന്നിവയാണ് നിലവിൽ കേരളത്തിലുള്ള മികച്ച രണ്ട് സ്റ്റേഡിയങ്ങൾ. ഇതിൽ ഏതെങ്കിലും ഒരു സ്റ്റേഡിയത്തിലായിരിക്കും മെസ്സിയും കൂട്ടരും കളിക്കുക.
എന്നാൽ ഈ രണ്ട് സ്റ്റേഡിയങ്ങൾക്ക് ഫിഫ അംഗീകാരമില്ല. മെസ്സിയും കൂട്ടരും ഇവിടെ കളിക്കണം എന്നുണ്ടെങ്കിൽ രണ്ട് സ്റ്റേഡിയങ്ങളിൽ ഒന്ന് ഫിഫ നിലവാരത്തിലേക്ക് ഉയർത്തണം. ഗ്രീൻ ഫീൽഡ് സ്റ്റേഡിയമാണ് കേരളത്തിന്റെ ഉദ്ദേശത്തിലുള്ളത്. എന്നാൽ ഗ്രീൻ ഫീൽഡിൽ ഫുട്ബോൾ മത്സരം നടത്തുന്നതിൽ ബിസിസിഐയ്ക്ക് വിയോജിപ്പുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കായിക അതോറിറ്റിയായ ബിസിസിഐ വിയോജിപ്പ് പ്രകടിപ്പിച്ച സാഹച്ചര്യത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ പാട്ടത്തിനെടുത്ത ഗ്രീൻ ഫീൽഡ് സ്റ്റേഡിയം വിട്ട് കൊടുക്കാൻ കെസിഎയും തയ്യാറാവില്ല. ഈ സാഹചര്യത്തിൽ കലൂർ സ്റ്റേഡിയം തിരഞ്ഞെടുക്കാതെ മറ്റ് വഴികളില്ല.
എന്നാൽ കലൂർ സ്റ്റേഡിയം തിരഞ്ഞെടുക്കയാണ് എങ്കിൽ അവിടെ ഫിഫ അംഗീകൃത പിച്ച് ഒരുക്കണം കൂടാതെ സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കണം. മെസ്സി കേരളത്തിലേക്ക് വരികയാണ് എങ്കിൽ അതിനുള്ള എല്ലാ സജീകരണവും നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ച സാഹചര്യത്തിൽ മത്സരം കലൂരിലേക്ക് വന്നാൽ ജിഡിസിഎയുമായി സഹകരിച്ച് കലൂർ സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്ക് ഉയർത്തും. ഇത് ബ്ലാസ്റ്റേഴ്സിന്റെ ലൈസൻസ് പ്രശ്നത്തെ പരിഹരിക്കും.എന്നാൽ ഇവിടെ പ്രധാനമായും നടക്കേണ്ടത് മെസ്സി വരണം എന്നുള്ളതാണ്. വന്നാൽ മാത്രം പോരാ മത്സരം കലൂരിലേക്ക് മാറ്റുകയും വേണം.
