ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ (ബുധൻ) കൊല്‍ക്കത്തയിൽ വെച്ച് നടക്കുകയാണ്. രാത്രി ഏഴു മണിക്കാണ് മത്സരം. നീണ്ട നാളുകൾക്ക് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് ഇന്ത്യ മടങ്ങിയെത്തുമ്പോൾ ആരാധകർ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ആദ്യ ടി20യ്ക്കിറങ്ങുമ്പോൾ ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ് എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..

സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നായിരിക്കും ടീമിന്റെ ഓപ്പണിങ് റൺസുകൾ കണ്ടെത്തുക. നേരത്തെ നടന്ന ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവർക്കെതിരെയുള്ള പരമ്പരയിൽ ഇരുവരും തന്നേയായിരുന്നു ഓപ്പണിങ് ജോഡികൾ. എന്നാൽ സഞ്ജുവിന് ഈ പൊസിഷൻ ആദ്യ ടി20യിൽ നിർണായകമാണ്.

കേരളാ ക്രിക്കറ്റ് അസോസിയേഷനുമായുള്ള വിവാദങ്ങൾക്കിടയിൽ സഞ്ജുവിന് ഏറെ നിർണായകമാണ് ഈ മത്സരവും ഈ പരമ്പരയും. പരമ്പരയിൽ മികച്ച പ്രകടനം നടത്താനായാൽ സഞ്ജുവിന് കെസിഎയുടെ വാദങ്ങളെ ബാറ്റ് കൊണ്ട് പ്രതിരോധിക്കാൻ കഴിയും.

സഞ്ജുവും അഭിഷേകും ഓപ്പണിങ് ആരംഭിക്കുമ്പോൾ മൂന്നാം നമ്പറില്‍ യുവതാരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മ കളിക്കും. നാലാമനായി നായകൻ സൂര്യകുമാർ യാദവും.അഞ്ചാമനായി ക്രീസിലെത്തുക നിതീഷ് റെഡ്ഢിയും ആറാമനായി ഹർദിക് പാണ്ട്യയും കളത്തിലിറങ്ങുമ്പോൾ ഫിനിഷിങില്‍ റിങ്കു സിങിന്റെ ഊഴമായിരിക്കും. എട്ടാമനായി ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലും ഒമ്പതാമനായി സ്‌പെഷ്യൽ സ്പിന്നർ വരുൺ ചക്രവർത്തിയും ഇറങ്ങുമ്പോൾ മുഹമ്മദ് ഷമിയും അർശ്ദീപ് സിങ്ങുമായിരിക്കും പേസ് ആക്രമണങ്ങളെ നയിക്കുക.

ഇന്ത്യ സാധ്യത ഇലവൻ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.