ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടയിലും, അടുത്ത 10 വർഷത്തേക്ക് രാജ്യത്തെ പ്രധാന ലീഗായി ISL തുടരണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. എന്നാൽ, പ്രൊമോഷൻ-റിലഗേഷൻ വിഷയങ്ങളിലാണ് എഐഎഫ്എഫിന്റെ നിർബന്ധനകൾ. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ AIFF പുതിയ നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്.
2014-ൽ എട്ട് ടീമുകളുമായി ഐപിഎൽ മാതൃകയിൽ ആരംഭിച്ച ISL-ന് 2019-ലാണ് ടോപ്-ടയർ ലീഗ് പദവി ലഭിച്ചത്. 2022-23 സീസൺ മുതൽ ഐ-ലീഗ് വിജയികളെ ISL-ലേക്ക് പ്രൊമോട്ട് ചെയ്യാൻ തുടങ്ങിയിരുന്നുവെങ്കിലും, തരംതാഴ്ത്തൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. എന്നാൽ തരംതാഴ്ത്തൽ വേണമെന്നാണ് എഐഎഫ്എഫിന്റെ നിലപാട്.
ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡിന് (FSDL) സമർപ്പിച്ച ഔദ്യോഗിക നിർദ്ദേശത്തിൽ, ISL അടുത്ത 10 വർഷത്തേക്ക് വ്യക്തമായ കലണ്ടർ വിൻഡോയോടെ നടത്താൻ തയ്യാറാണെന്ന് AIFF അറിയിച്ചത് ഐഎസ്എൽ തുടരും എന്നതിന്റെ സൂചനയാണ്. എന്നാൽ തരംതാഴ്ത്തൽ വിഷയത്തിൽ എഫ്എസ്എസ്ഡിഎൽ എഐഎഫ്എഫുമായി സഹകരിക്കാൻ തയാറാവണം.കൂടാതെ, ലീഗിന് പൂർണ്ണ വാണിജ്യ സ്വാതന്ത്ര്യം നൽകാനും AIFF ഒരുക്കമാണ്.
പുതിയ മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) പ്രകാരം, ദേശീയ ടീം മത്സരങ്ങൾ ഉൾപ്പെടെയുള്ള ISL ഇതര അവകാശങ്ങൾ AIFF-ന് നിലനിർത്താൻ സാധിക്കും. കൂടാതെ, ലീഗ് ഉടമകളിൽ നിന്ന് വാർഷിക സോളിഡാരിറ്റി പേയ്മെന്റായി 50 കോടി രൂപയോ മൊത്തം ലീഗ് വരുമാനത്തിന്റെ 10% (ഏതാണോ കൂടുതൽ) 2026 മുതൽ ആവശ്യപ്പെടുന്നു. യുവ ഫുട്ബോളിന്റെയും താഴെത്തലങ്ങളിലെ വികസനത്തിനുമാണിത്.
ഏതായാലും എഐഎഫ്എഫും- എഫ്എസ്ഡിഎലും തമ്മിലെ പ്രശ്നങ്ങൾക്കിടയിൽ പരിഹാരങ്ങൾ കാണുന്നു എന്ന സൂചന ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് ശുഭകരമാണ്.
