കഴിഞ്ഞ സീസണിൽ ഒരൊറ്റ കിരീടം പോലും നേടാനാവാത്ത വമ്പന്മാരാണ് സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡ്. ലാലിഗയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ- ക്വാർട്ടറിലും കോപ്പ- ഡെൽ റിയോയിൽ സെമി ഫൈനലിലും പുറത്തായിരുന്നു. ടീമിന് ഇത്തരത്തിൽ കിരീടം നേടാൻ കഴിയാത്തതിൽ സൂപ്പർ താരം ജൂലിയൻ അൽവാരെസ് അതൃപ്തനാണെന്നും താരം മറ്റൊരു വമ്പൻ ക്ലബ്ബിലേക്ക് പോകാൻ ആഗ്രഹിക്കുന്നതായുമുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചാമ്പ്യൻസ് ലീഗിന് ഉതകുന്ന മികച്ച ടീമിനെ തയാറാക്കാൻ കഴിഞ്ഞില്ലെങ്കിൽ താരം ക്ലബ് വിടുമെന്നാണ് സ്പാനിഷ് മാധ്യമമായ എൽ- നാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.
എഫ്സി ബാഴ്‌സലോണയിലേക്ക് പോകാനാണ് താരം ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്. ബാഴ്‌സയ്ക്കും താരത്തെ താൽപര്യമുണ്ട്.
2024 ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരം അത്ലറ്റികോ മാഡ്രിഡിലെത്തുന്നത്. 2030 വരെ നീളുന്ന കരാറിലാണ് താരം മാഡ്രിഡിലെത്തിയത്.
അതേ സമയം, താരം ബാഴ്‌സയിലെത്താൻ അർജന്റീന ആരാധകരും ആഗ്രഹിക്കുന്നുണ്ട്. ലയണൽ മെസ്സിക്ക് ശേഷം ബാഴ്‌സയിൽ ഒരു മികച്ച അർജന്റീനൻ താരം എത്തിയിട്ടില്ല.