റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെയും വിരാട് കോലിയുടെയും 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ച രാത്രിയായിരുന്നു ഇന്നലെ..ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടം കൈയെത്തിപ്പിടിച്ചത്. ആർസിബി കൂടി കിരീടം നേടിയതോടെ ആരാധക പിന്തുണയുണ്ടായിട്ടും തങ്ങളുടെ ലീഗിൽ ഇത് വരെ കിരീടം നേടാൻ കഴിയാത്ത ഏക ക്ലബായി കേരളാ ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുകയാണ്.
സോഷ്യൽ മീഡിയ, ആരാധക പിന്തുണ എന്നിവ കണക്കിലെടുത്ത് പ്രസിദ്ധികരിച്ച ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകപിന്തുണയുള്ള ക്ലബ്ബുകളിൽ നാലാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഐപിഎൽ ടീമുകളായ ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു, മുംബൈ ഇന്ത്യൻസ് എന്നിവരാണ് ആരാധക പിന്തുണയിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ മുമ്പിലുള്ള ആദ്യ 3 ക്ലബ്ബുകൾ.
ഐഎസ്എൽ ക്ലബായ മോഹൻ ബഗാൻ സുപ്പർ ജയന്റസാണ് ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ഇന്ത്യൻ ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്സിന് താഴെയായി അഞ്ചാം സ്ഥാനത്തുള്ളത്. ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യയിലെ ആദ്യ അഞ്ച് ക്ലബ്ബുകളിൽ ഉൾപ്പെട്ടവരിൽ കിരീടം നേടാത്തതായി ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് മാത്രം അവശേഷിക്കുകയാണ്.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നി സൂപ്പർ കിങ്സിന് അഞ്ച് ഐപിഎൽ കിരീടങ്ങളുണ്ട്. രണ്ടാം സ്ഥാനത്തുള്ള ആർസിബിയ്ക്ക് ഇന്നലെ ആദ്യ കിരീടം ലഭിക്കുകയും ചെയ്തു. മൂന്നാം സ്ഥാനത്തുള്ള മുംബൈയ്ക്കും അഞ്ച് ഐപിഎൽ കിരീടങ്ങളുണ്ട്. അഞ്ചാം സ്ഥാനത്തുള്ള മോഹൻ ബഗാനും നിരവധി കിരീടങ്ങളുണ്ട്. എന്നാൽ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഒരൊറ്റ മേജർ കിരീടം പോലുമില്ല.
അതേ സമയം. ഒരുപാട് ക്ലബ്ബുകളുടെ കിരീട ദാഹം അവസാനിച്ച വർഷമാണിത്. അതിനാൽ ഈ വർഷമെങ്കിലും ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
