FootballIndian Super LeagueKBFCSports

കൈമാറ്റം വൈകും, പകരം ബ്ലാസ്റ്റേഴ്സിൽ ‘ഇടക്കാല മാനേജ്‌മെന്റ്’ സംവിധാനം

ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയും സീസിണിനായുള്ള തയ്യാറെടുപ്പുകളും ഈ താൽക്കാലിക മാനേജ്‌മെന്റ് രീതിയിലൂടെ തന്നെയായിരിക്കും നടക്കുക.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി കൈമാറ്റം എന്തായി എന്നത് ഓരോ ആരാധകനും ഒരുപോലെ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്.

ഇപ്പോഴിതാ കൈമാറ്റ ചർച്ചകളെ സംബന്ധിച്ച് ഏറ്റവും പുതിയ ചില വിവരങ്ങൾ കൂടി പുറത്തുവരികയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഇടക്കാല മാനേജ്‌മെന്റ്’ സംവിധാനം.

Kerala Blasters interim management update

നിലവിലെ ഉടമകളായ മാഗ്നം സ്‌പോർട്‌സ് തങ്ങളുടെ മുഴുവൻ ഓഹരികളും വിറ്റൊഴിക്കാൻ തീരുമാനിച്ചതോടെയാണ് കൈമാറ്റ നടപടികൾ ആരംഭിച്ചത്.

മലയാളി ബന്ധമുള്ള സംരംഭകരുടെ ഒരു കൺസോർഷ്യമാണ് ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്.

പേപ്പർ വർക്കുകൾ, അനുബന്ധ രേഖകൾ, തുക തുടങ്ങിയ എല്ലാ നടപടികളും ഇത് വരെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ധാരണയായ തുക മാഗ്നം സ്‌പോർട്സിന് ഇതുവരെ പൂർണ്ണമായി കൈമാറിയിട്ടില്ല.

കൈമാറ്റ തുക നൽകുന്നത് വൈകുന്നതിന് പിന്നിൽ ഒരു നിയമതടസ്സമുണ്ട്. നിലവിലെ ഉടമകളായ മാഗ്നം സ്‌പോർട്‌സുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ, അവരുടെ ആസ്തിയായ ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സുപ്രീം കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.

ഇതിനായുള്ള നിയമനടപടികൾ നടക്കുന്നുണ്ടെങ്കിലും കോടതിയിൽ നിന്നും അന്തിമ വിധി വരാൻ കുറഞ്ഞത് ആറുമാസമെങ്കിലും സമയമെടുത്തേക്കാം. എന്നാൽ ഇത്രയും നീണ്ട കാലയളവ് വരെ കൈമാറ്റ നടപടികൾ പൂർണ്ണമായി നിർത്തിവെക്കാൻ സാധിക്കില്ല.

ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ‘ഇടക്കാല മാനേജ്‌മെന്റ്’ രീതിയിലേക്ക് താൽക്കാലികമായി മാറുന്നത്.

ഈ സംവിധാനം അനുസരിച്ച് പുതിയ ഉടമകൾ ക്ലബ്ബിന്റെ കാര്യങ്ങളിൽ നേരിട്ട് ഇടപെടുകയില്ല. പകരം, മാഗ്നം സ്‌പോർട്‌സിനും പുതിയ നിക്ഷേപകർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഒരു ഇടനിലക്കാരൻ വഴി കോടതി വിധി വരുന്നതുവരെ ക്ലബ്ബിന്റെ എല്ലാ പ്രധാന തീരുമാനങ്ങളും നിയന്ത്രിക്കപ്പെടും.

നിലവിലെ ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ അഭിക് ചാറ്റർജിക്കായിരിക്കും ഈ ഇടക്കാല മാനേജ്‌മെന്റിന്റെ ചുമതല നൽകുക എന്നാണ് പുറത്തുവരുന്ന സൂചനകൾ.

നിയമപരമായ കടമ്പകൾ കടന്ന് കോടതി വിധി അനുകൂലമായി വരുന്നതോടെ പുതിയ നിക്ഷേപകർ തുക കൈമാറുകയും കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഔദ്യോഗികമായി ഏറ്റെടുക്കുകയും ചെയ്യും.

അതുവരെ ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയും സീസിണിനായുള്ള തയ്യാറെടുപ്പുകളും ഈ താൽക്കാലിക മാനേജ്‌മെന്റ് രീതിയിലൂടെ തന്നെയായിരിക്കും നടക്കുക.

ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാൻ ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ALSO READ:

English Summary: The latest Kerala Blasters interim management update clarifies the ongoing ownership transition. While a consortium of non resident Malayali entrepreneurs has agreed on terms to acquire Magnum Sports’ shares, legal proceedings require an interim setup to handle operations until the court gives its final clearance.