ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസൺ ഒക്ടോബർ 15-ന് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ ലീഗ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇത്തവണ മാറ്റുരയ്ക്കുന്ന ടീമുകളുടെ കാര്യത്തിൽ ഇനിയും അന്തിമ ധാരണയായിട്ടില്ല.
സീസണിൽ 14 ടീമുകൾ പങ്കെടുക്കുമെന്നാണ് ആരാധകർ കരുതിയിരുന്നതെങ്കിലും ചില അപ്രതീക്ഷിത തിരിച്ചടികൾ ആരാധകർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മുമ്പ് ജംഷഡ്പൂർ എഫ്സി ഐഎസ്എല്ലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ജംഷഡ്പൂരിന്റെ ഫസ്റ്റ് ടയർ ലൈസൻസ് ചർച്ചിൽ ബ്രദേഴ്സ് സ്വന്തമാക്കിയതോടെ ആ പ്രതിസന്ധി പരിഹരിക്കപ്പെട്ടു.
ജംഷഡ്പൂരിന് പകരം ചർച്ചിൽ ബ്രദേഴ്സ് എത്തുന്നതോടെ 14 ടീമുകൾ എന്ന കണക്ക് നിലനിൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മറ്റൊരു ടീമിന്റെ പങ്കാളിത്തം കൂടി അനിശ്ചിതത്വത്തിലാകുന്നത്.

കഴിഞ്ഞ സീസണിലെ ഇന്ത്യൻ ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരായ ഡയമണ്ട് ഹാർബർ എഫ്സിയുടെ ഐഎസ്എൽ പ്രവേശനമാണ് ഇപ്പോൾ ഭീഷണി നേരിടുന്നത്.
നിയമപ്രകാരം രണ്ടാം ഡിവിഷൻ ലീഗിൽ ചാമ്പ്യന്മാരാകുന്ന ക്ലബ്ബിന് ഐഎസ്എല്ലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കേണ്ടതാണ്. എന്നാൽ ഇത്തവണ ഐഎസ്എല്ലിൽ കളിക്കണമെങ്കിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾ എഐഎഫ്എഫിന് (AIFF) 1.05 കോടി രൂപ ഫീസായി നൽകേണ്ടതുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള നിലവിലെ ക്ലബ്ബുകളും പുതുതായി എത്തുന്ന ചർച്ചിൽ ബ്രദേഴ്സും ഈ തുക കൈമാറി പങ്കാളിത്തം ഉറപ്പാക്കിക്കഴിഞ്ഞു.
എന്നാൽ ഡയമണ്ട് ഹാർബർ എഫ്സി ഇതുവരെ ഈ തുക നൽകിയിട്ടില്ല എന്നതാണ് തിരിച്ചടിയാകുന്നത്. നിശ്ചിത തുക കൈമാറിയില്ലെങ്കിൽ ക്ലബ്ബിന് ഐഎസ്എല്ലിൽ കളിക്കാൻ അനുമതി ലഭിക്കില്ല.
സമീപകാലത്തായി ഡയമണ്ട് ഹാർബർ എഫ്സി ഗുരുതരമായ സാമ്പത്തിക-നിയമ നടപടികൾ നേരിടുന്നതായി വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാത്രമല്ല, വരാനിരിക്കുന്ന സീസണിന് മുന്നോടിയായുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങളും തീർത്തും മന്ദഗതിയിലാണ്. ഇത് ക്ലബ്ബ് അടച്ചുപൂട്ടലിന്റെ വക്കിലാണോ എന്ന സംശയം പോലും ആരാധകർക്കിടയിൽ ഉയർത്തുന്നുണ്ട്. എന്നാൽ പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ചിട്ടില്ല. ജംഷഡ്പൂരിന്റെ ലൈസൻസ് വാങ്ങിയ ചർച്ചിൽ ബ്രദേഴ്സിന്റെ മാതൃകയിൽ, ഡയമണ്ട് ഹാർബർ എഫ്സിയുടെ ലൈസൻസും മറ്റതെങ്കിലും ക്ലബ്ബ് വാങ്ങി ഐഎസ്എല്ലിലേക്ക് കടന്നുവരാനുള്ള സാധ്യതയും വറ്റാതെ നിലനിൽക്കുന്നുണ്ട്.
ALSO READ:
- ബ്ലാസ്റ്റേഴ്സ് ഇനി മലയാളികളുടെ കൈകളിൽ: പുതിയ ഉടമകളെ പറ്റിയുള്ള നിർണായക സൂചനകൾ പുറത്ത്
- കോടികളുടെ ലാഭം വേണ്ടെന്ന് വെച്ചു: ബ്ലാസ്റ്റേഴ്സ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം
- വിനിഷ്യസും എൻഡ്രിക്കുമൊക്കെ ഇന്ത്യക്കെതിരെ കളിക്കുമോ? മറുപടിയുമായി ആൻസിലോട്ടി
English Summary: Crucial ISL 2026 27 team updates reveal uncertainty surrounding Diamond Harbour FC’s participation due to unpaid AIFF fees. While Churchill Brothers secured Jamshedpur FC’s spot, Diamond Harbour’s financial troubles put their debut at risk unless another club acquires their license.
