ഐഎസ്എൽ സീസൺ പ്രതിസന്ധിക്കിടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആശ്വാസമായി, സൂപ്പർ കപ്പ് അടുത്ത മാസം ആരംഭിക്കാൻ സാധ്യത. ഐഎസ്എൽ ക്ലബ്ബുകൾക്കുള്ള ഒരു താൽകാലിക പരിഹാരമായിട്ടാണ് ഇതിനെ കാണുന്നത്.
സെപ്റ്റംബർ രണ്ടാം ആഴ്ചയോ മൂന്നാം ആഴ്ചയോ സൂപ്പർ കപ്പ് നടത്താൻ സാധ്യതയുണ്ടെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചു. ക്ലബ് സിഇഒമാരുമായി നടത്തിയ യോഗത്തിലാണ് ചൗബേ ഇക്കാര്യം അറിയിച്ചത്.
നിലവിലെ അനിശ്ചിതത്വം കാരണം ഐഎസ്എൽ സീസണിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സീസൺ നടക്കുമെങ്കിലും ഇപ്പോഴാണ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സുപ്രീം വിധിക്ക് ശേഷമേ പുതിയ സീസണിന്റെ കിക്കോഫ് തിയ്യതി അറിയാൻ പറ്റുകയുള്ളു. അത് വരെ സൂപ്പർ കപ്പുമായി സീസൺ ആരംഭിക്കാനാണ് എഐഎഫ്എഫിന്റെ പദ്ധതി.
പുതിയ സീസണിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താൻ ടീമുകൾക്ക് 6-8 ആഴ്ച സമയം വേണ്ടിവരുമെന്നതിനാൽ ഈ സമയക്രമം ഏറെ നിർണായകമാണ്. അടുത്ത യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഈ നീക്കം ഐ.എസ്.എൽ ക്ലബ്ബുകൾക്ക് കളിക്കാരെ സജ്ജരാക്കാനും ടീം കോമ്പിനേഷൻ മെച്ചപ്പെടുത്താനും കൂടുതൽ അവസരം നൽകും.
