യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പോർച്ചുഗൽ. ഫൈനലിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ചാംപ്യന്മാരായത്. പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 നാണ് പോർച്ചുഗലിന്‍റെ ജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 2-2 എന്ന നിലയിലായിരുന്നു. ഷൂട്ടൌട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യത്തിലെത്തിച്ചു. സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൌട്ടിനുണ്ടായിരുന്നില്ല.വീണ്ടുമൊരിക്കൽ പോർച്ചുഗൽ നേഷൻസ് ലീഗ് കിരീടം നേടുമ്പോൾ ഫൈനലിൽ മിന്നും പ്രകടനം നടത്തി ചർച്ചയാവുകയാണ് അവരുടെ പ്രതിരോധതാരം.
പോർച്ചുഗലിന്റെ ലെഫ്റ്റ് ബാക്ക് ന്യൂനോ മെൻഡസാണ് ഫൈനലിൽ നടത്തിയ മിന്നും പ്രകടനത്തിലൂടെ ആരാധകരുടെ പ്രശംസ പിടിച്ച് പറ്റുന്നത്. മത്സരത്തിൽ 21 ആം മിനുട്ടിൽ മാർട്ടിൻ സുബിമെൻഡിയുടെ ഗോളിലാണ് സ്പെയിൻ മുന്നലെത്തിയത്. എന്നാൽ ആ ലീഡ് അഞ്ച് മിനുട്ട് നീണ്ട് നിന്നില്ല. 26 ആം മിനുട്ടിൽ ന്യൂനോ മെൻഡിസ് തിരിച്ചടിച്ച് പോർച്ചുഗലിന്റെ ഒപ്പമെത്തിച്ചു.
ഈ ഒരു ഗോൾ മാത്രമല്ല, ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ച താരം പ്രതിരോധത്തിൽ മിന്നും പ്രകടനമാണ് നടത്തിയത്. സ്പെയിനിന്റെ സൂപ്പർ താരം ലാമിനെ യമാലിനെ മുന്നേറാൻ അനുവദിക്കാതെ തളച്ചതും മെൻഡസ് തന്നെയാണ്.
ലെഫ്റ്റ് ബാക്കിൽ ഈ 22 കാരൻ സീസണിൽ മിന്നും പ്രകടനം നടത്തുന്നത് ഇതാദ്യമായല്ല. ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ സൂപ്പർ താരം മൊഹമ്മദ് സലാഹിനെ പിടിച്ച് കെട്ടിയതും ന്യൂനോ തന്നെയാണ്. സീസണിൽ പിഎസ്ജിക്കൊപ്പം താരം ചാമ്പ്യൻസ് ലീഗ് കിരീടവും ഉയർത്തിയിരുന്നു.
ഫൈനലിൽ മാത്രമല്ല, നേഷൻസ് ലീഗിൽ മുഴുവനും ഈ 22 കാരന്റെ സംഹാരതാണ്ഡവമായിരുന്നു. നേഷൻസ് ലീഗിൽ 948 മിനുട്ടുകൾ കളിച്ച താരം ഒരു ഗോളും 6 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. 8 ഡ്രിബിളുകളും പൂർത്തിയാക്കി.