ഐപിഎൽ 2026 നുള്ള ഒരുക്കങ്ങൾക്ക് ആരംഭമാവുകയാണ്. ഡിസംബർ മാസത്തിൽ അടുത്ത ഐപിഎൽ ലേലത്തിനുള്ള മിനി ഓക്ഷൻ നടക്കുമെന്നാണ് ക്രിക് ബസ്സ് റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 15 ന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെയും റിലീസ് ചെയ്യുന്ന താരങ്ങളുടെയും ലിസ്റ്റ് കൈമാറണമെന്നാണ് ബിസിസിഐ നിർദേശം. അതിനാൽ തന്നെ ഇനിയുള്ള മാസങ്ങൾ ഐപിഎൽ ടീമുകൾക്കും ആരാധകർക്കും നിർണായകമാണ്.
മലയാളി താരം സഞ്ജു സാംസന്റെ കൂടുമാറ്റം തന്നെയാണ് ഇത്തവണത്തെ ഐപിഎൽ ലേലത്തിലെ പ്രധാന ആകർഷണം. താരം രാജസ്ഥാൻ റോയൽസ് വിടുമെന്നുള്ള കാര്യം നേരത്തെ പുറത്ത് വന്നിരുന്നു. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് നൗവും സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന കാര്യം ഉറപ്പിക്കുന്നുണ്ട്. എന്നാൽ സഞ്ജു മാത്രമല്ല, രണ്ട് വിദേശ താരങ്ങൾ കൂടി റോയൽസുമായി വേർപിരിയുമെന്നാണ് ടൈംസ് നൗ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
സഞ്ജു സാംസണെ കൂടാതെ, ലങ്കൻ സ്പിന്നർമാരായ വാനിൻഡു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെയാണ് റോയൽസിന്റെ റിലീസിംഗ് ലിസ്റ്റിൽ ഉള്ളതെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
രവിചന്ദ്ര അശ്വിൻ- യുസ്‌വേന്ദ്ര ചഹൽ എന്നീ ഹിറ്റ് ജോഡികൾക്ക് ശേഷം രാജസ്ഥാൻ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച സ്പിൻ സഖ്യമാണ് ഹസരംഗ- ചഹൽ ജോഡി. എന്നാൽ ഈ ജോഡിക്ക് രാജസ്ഥാൻ നിരയിൽ തിളങ്ങാനായിരുന്നില്ല. അതിനാൽ തന്നെ ഇരുവരെയും രാജസ്ഥാൻ റിലീസിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
അതേ സമയം കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ അഫ്ഘാൻ ബൗളർ ഫസൽ ഹഖ് ഫാറൂഖിയെ രാജസ്ഥാൻ റിലീസിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകകരം.
Rajasthan Royals release 3 players Sanju Samson, Wanindu Hasaranga and Maheesh Theekshana
