ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ താൽകാലികമായി നിർത്തി വെച്ച ഐപിഎൽ പോരാട്ടങ്ങൾ ഉടൻ ആരംഭിക്കും. നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളോടക്കം ചൊവ്വാഴ്ച ടീമിൽ ജോയിൻ ചെയ്യാൻ ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. ഡബ്ബിൾ ഡെക്കർ മോഡിലായിരിക്കും ഇനിയുള്ള മത്സരങ്ങൾ ബിസിസിഐ പൂർത്തീകരിക്കുക.
ഐപിഎല്ലിൽ 17 മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതിൽ പ്ലേ ഓഫിന് മുമ്പുള്ള 13 മത്സരങ്ങൾ ഒരു ദിവസം രണ്ട് മത്സരങ്ങളെന്ന രീതിയിൽ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങൾ നടത്തി ഫിക്സറുകൾ പൂർത്തീകരിക്കുന്നതിനെയാണ് ‘ഡബ്ബിൾ ഡെക്കർ’ എന്ന് വിശേഷിപ്പിക്കുന്നത്.
ഡബ്ബിൾ ഡെക്കർ മോഡിൽ മത്സരങ്ങൾ നടത്തിയാൽ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 25ന് ഐപിഎൽ പൂർത്തികരിക്കാൻ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
ഐപിഎൽ ഉടൻ തന്നെ പുനരാരംഭിക്കാൻ കഴിയുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ‘അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സ്ഥിതിക്ക്, ഐപിഎൽ പുനരാരംഭിക്കുവാനും പൂർത്തിയാക്കുവാനും ഉടൻ തന്നെ തീരുമാനമെടുക്കേണ്ടതുണ്ട്. അതിനായി വേദികൾ, തീയതികൾ എന്നിവയെല്ലാം നിശ്ചയിക്കണം. ടീം ഉടമകൾ, മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണ അവകാശമുള്ളവർ തുടങ്ങി ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാവരുമായി സംസാരിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി കേന്ദ്ര സർക്കാരുമായി ഐപിഎൽ പുനരാരംഭിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യണം,’ അരുണ്‍ ധുമാല്‍ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
ഐപിഎൽ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുത്തിരിക്കെയാണ് ടൂർണമെന്റ് നിർത്തലാക്കേണ്ടി വന്നത്. 11 മത്സരങ്ങളിൽ നിന്നായി 16 പോയിന്റ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഒന്നാമതും സമാനസ്ഥിതിയിലുള്ള റോയൽ ചലഞ്ചേഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്. 11 മത്സരങ്ങളിൽ നിന്നായി 15 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 12 മത്സരങ്ങളിൽ നിന്നായി 14 പോയിന്റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമുണ്ട്.
