ടി20 ലോകകപ്പിന്റെ ആവേശകരമായ പോരാട്ടങ്ങൾ തുടരുന്നതിനിടെ മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് ശുഭവാർത്ത പുറത്തുവരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് ആദ്യ ഇലവനിൽ നിന്ന് പുറത്തായ സഞ്ജു, വ്യാഴാഴ്ച നമീബിയയ്‌ക്കെതിരെ നടക്കുന്ന ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ കളിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത് (Sanju Samson playing against Namibia). ടീമിലെ യുവ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ഫിറ്റ്‌നസ് പ്രശ്നങ്ങൾ നേരിടുന്നതാണ് സഞ്ജുവിന് വീണ്ടും വഴിതുറക്കുന്നത്.
നമീബിയയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് നടന്ന ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിൽ അഭിഷേക് ശർമ്മ പങ്കെടുത്തിരുന്നില്ല. അതേസമയം, കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിലിരുന്ന സഞ്ജു സാംസൺ നെറ്റ്‌സിൽ ഏറെ നേരം ബാറ്റിംഗ് പരിശീലനം നടത്തിയത് ശ്രദ്ധേയമായി.
ഇഷാൻ കിഷനൊപ്പം ചേർന്ന് സഞ്ജു നടത്തിയ ഈ തീവ്ര പരിശീലനം താരം പ്ലെയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നതിന്റെ വ്യക്തമായ സൂചനയായാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.

അഭിഷേക് ശർമ്മ ഇതുവരെ പൂർണ്ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് ടീം വൃത്തങ്ങൾ നൽകുന്ന വിവരം. ലോകകപ്പിലെ തന്നെ നിർണ്ണായകമായ പാകിസ്ഥാനെതിരായ പോരാട്ടം തൊട്ടടുത്തുള്ളതിനാൽ, ഫിറ്റ്നസ് ഇല്ലാത്ത ഒരു താരത്തെ ഇറക്കി റിസ്ക് എടുക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല.
ഇങ്ങനെയെങ്കിൽ അഭിഷേകിന് വിശ്രമം അനുവദിക്കുകയും പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്യും.
സഞ്ജു സാംസൺ – ഇഷാൻ കിഷൻ സഖ്യമായിരിക്കും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ യുഎസിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ പകരക്കാരൻ ഫീൽഡറായി ഏറെ നേരം ഗ്രൗണ്ടിലുണ്ടായിരുന്നു. അന്ന് അഭിഷേക് ശർമ്മയെ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചുവിളിച്ചാണ് സഞ്ജുവിനെ ഫീൽഡിംഗിനായി ഇറക്കിയത്.
അന്നുതന്നെ അഭിഷേകിന് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി സംശയങ്ങൾ ഉയർന്നിരുന്നു. പരിശീലന സെഷനുകൾ കൂടി ഒഴിവാക്കിയതോടെ ആ സംശയം ബലപ്പെട്ടിരിക്കുകയാണ്.
സഞ്ജുവിനെ സംബന്ധിച്ച് തന്റെ ഫോം തെളിയിക്കാനും ലോകകപ്പിലെ സ്ഥിരസാന്നിധ്യമാകാനും ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്.
വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ–നമീബിയ പോരാട്ടം നടക്കുന്നത്.
ALSO READ: ഐഎസ്എല്ലിലേക്ക് പുതിയ ടീം?; ഫെഡറേഷനെ പ്രതിസന്ധിയിലാക്കി പുതിയ നീക്കം
content: Sanju Samson playing against Namibia
