കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ബാറ്റ് ചെയ്തില്ല എങ്കിലും മത്സരത്തിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് സഞ്ജു തയാറായത്. സഞ്ജു ഇറങ്ങും മുമ്പേ മത്സരം ബ്ലൂ ടൈഗേഴ്സ് ജയിച്ചതിനാൽ സഞ്ജുവിന് ഇറങ്ങേണ്ടി വന്നില്ല.സാധാരണയായി ഒരു ഓപ്പണറായും ടോപ് ഓർഡർ ബാറ്റ്സ്മാനായും കളിച്ചിരുന്ന സഞ്ജുവിൻ്റെ ഈ മാറ്റം ഒരു സൂചനയായിട്ടാണ് കാണുന്നത്.
വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിൻ്റെ മധ്യനിരയിൽ സഞ്ജുവിന് ഒരു അവസരം ലഭിക്കാനുള്ള സാധ്യതകളാണ് ഈ മാറ്റം തുറന്നു കാട്ടുന്നത്.സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്ന ബാറ്റിംഗ് പൊസിഷനിൽ ഒരു മാറ്റം വരുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്റ് ശ്രമിക്കുന്നുണ്ടെന്ന് ഈ നീക്കം സൂചിപ്പിക്കുന്നു.
സാധാരണ ഗതിയിൽ ഓപ്പണിങ് പൊസിഷനിലോ, മൂന്നാം നമ്പറിലോ ആണ് സഞ്ജു കളിക്കുന്നത്. എന്നാൽ അഞ്ചാം നമ്പറിലേക്കോ മധ്യനിരയിലേക്കോ സഞ്ജു പോയാൽ പ്രകടനം എങ്ങനെയായിരിക്കും എന്നത് ആശങ്കയാണ്.
അഞ്ചാം നമ്പറിലാണ് സഞ്ജു ഏഷ്യ കപ്പിൽ ഇറങ്ങുക എങ്കിൽ ടീമിന്റെ ഫിനിഷിങ് ചുമതലയായിരിക്കും സഞ്ജുവിന് ലഭിക്കുക. അതിൽ സഞ്ജു എത്ര മാത്രം വിജയിക്കും എന്നത് കണ്ടറിയേണ്ടതുണ്ട്.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഈ കേരള ക്രിക്കറ്റ് ലീഗ് വെറുമൊരു ടൂർണമെന്റ് മാത്രമല്ല. വരാനിരിക്കുന്ന ഏഷ്യാ കപ്പ്, ലോകകപ്പ് തുടങ്ങിയ വലിയ ടൂർണമെന്റുകൾക്ക് മുന്നോടിയായി തന്റെ ഫോമും ഫിറ്റ്നസും തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഈ ടൂർണമെന്റിലെ പ്രകടനം ഏഷ്യാ കപ്പിലെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കും.
