ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക എന്നത് സെലക്ടർമാർക്ക് ഇത്തവണ വലിയ വെല്ലുവിളിയാണ്. ടൂർണമെന്റിന് ഇനി ആഴ്ചകൾ ടീമിനെ പ്രഖ്യാപിക്കുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുകയാണ്. യുവതാരങ്ങളായ ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും ടീമിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. ഈ രണ്ട് താരങ്ങളും സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സാഹചര്യത്തിൽ അവരുടെ അഭാവം ടീമിൻ്റെ ബാറ്റിംഗ് നിരയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിചയസമ്പന്നനായ ബാറ്റർ ശ്രേയസ് അയ്യർ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ഏറെക്കാലം ഇന്ത്യൻ ടി20 ടീമിന്റെ ഭാഗമല്ലാതിരുന്ന ശ്രേയസിൻ്റെ തിരിച്ചുവരവ് മധ്യനിരയ്ക്ക് കരുത്താകും. അതോടൊപ്പം, യുവ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയും ടീമിൽ ഇടംനേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടി20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജിതേഷ് ടീമിൻ്റെ ഫിനിഷിംഗ് റോളിൽ നിർണായകമായേക്കാം. ഇത് ഇന്ത്യൻ ടീമിൻ്റെ ബാറ്റിംഗ് ഡെപ്ത് വർദ്ധിപ്പിക്കാൻ സഹായിക്കും.
ടീം തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി റിങ്കു സിങ്ങിനെയും ശിവം ദുബെയെയും സംബന്ധിച്ചതാണ്. ഇരുവരും സമീപകാലത്ത് അത്ര മികച്ച ഫോമിലല്ല എങ്കിലും ഈ രണ്ട് താരങ്ങളിൽ ഒരാൾ ഏഷ്യ കപ്പിനുള്ള ടീമിൽ ഇടം നേടിയേക്കുമെന്നാണ് റിപ്പോർട്ട്. എങ്കിൽ ആരെ ടീമിൽ ഉൾപ്പെടുത്തണം എന്ന കാര്യത്തിൽ സെലക്ടർമാർക്ക് ഒരു കടുത്ത തീരുമാനം എടുക്കേണ്ടിവരും. ഇരുതാരങ്ങളും മധ്യനിരയിൽ കളിക്കാൻ കഴിവുള്ളവരാണ്.
ടീം പ്രഖ്യാപനത്തിൽ മറ്റൊരു പ്രധാന ചർച്ചാവിഷയം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ കാര്യമാണ്. ഏഷ്യാ കപ്പിൽ ബുംറയെ ഉൾപ്പെടുത്തണോ വേണ്ടയോ എന്നതിൽ സെലക്ടർമാർക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. ലോകകപ്പ് അടുത്തിരിക്കെ, ബുംറയുടെ ഫിറ്റ്നസിന് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് ഒരു വിഭാഗം കരുതുന്നത്. ഫിറ്റ്നസ് പൂർണ്ണമായി വീണ്ടെടുക്കാത്ത ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് ടീമിൻ്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നത് സെലക്ടർമാർക്ക് ഒരു വെല്ലുവിളിയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഇത്തവണത്തെ ഏഷ്യാ കപ്പ് ടീം തിരഞ്ഞെടുപ്പ് യുവതാരങ്ങൾക്ക് വളരെ നിർണായകമായേക്കാം. മുതിർന്ന താരങ്ങളോടൊപ്പം യുവതാരങ്ങളെ പരിഗണിക്കുന്നതിലൂടെ ശക്തമായ ഒരു ടീമിനെ വാർത്തെടുക്കാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, അവസാന തീരുമാനം എന്തായിരിക്കുമെന്ന് അറിയാൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
