ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ഞായറാഴ്ച ന്യൂസിലാൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്. കിരീടം ലക്ഷ്യമാക്കി ഇന്ത്യ ഇറങ്ങുമ്പോൾ ആരാധകരുടെ പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം നായകൻ രോഹിത് വിരമിക്കുമോ എന്നത്.
കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരും ഇത്തരത്തിലൊരു ചോദ്യം പരിശീലകൻ ഗംഭീറിനോട് ചോദിക്കുകയുണ്ടായി. എന്നാൽ ഇതിന് കൃത്യമായി മറുപടി നൽകാതെ ഗംഭീർ രോഹിതിന്റെ പ്രകടനത്തെ പറ്റിയാണ് സംസാരിച്ചത്.
ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലാണ് ഇനി വരാന്‍ പോകുന്നത്. അതിന് മുമ്പ് ഈ ചോദ്യത്തിന് ഞാന്‍ എന്ത് മറുപടി പറയാനാണ് എന്ന് പറഞ്ഞ ഗംഭീർ രോഹിതിന്റെ പ്രകടനത്തെ പറ്റിയും സംസാരിച്ചു.
ക്യാപ്റ്റന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ ഡ്രസ്സിംഗ് റൂമിന് നല്ല സന്ദേശമാണ് നല്‍കുന്നത്. നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഒരാളടിച്ച റണ്‍സ് മാത്രം നോക്കിയാണ് അയാളെ വിലയിരുത്തുന്നത്. എന്നാല്‍ ഞങ്ങള്‍ അയാള്‍ കളിയില്‍ ചെലുത്തിയ പ്രഭാവമാണ് നോക്കുന്നത്. നിങ്ങള്‍ കണക്കുകള്‍ നോക്കുമ്പോള്‍ ഞങ്ങള്‍ കളിയില്‍ അയാളുണ്ടാക്കുന്ന ഇംപാക്ട് നോക്കുന്നു, അതാണ് വ്യത്യാസം.
മാധ്യമങ്ങളും വിദഗ്ധരുമെല്ലാം കണക്കുകളും ശരാശരിയും മാത്രമെ നോക്കാറുള്ളു. എന്നാല്‍ ഒരു പരിശീലകനെന്ന നിലയിലും ടീം എന്ന നിലയിലും ഞങ്ങള്‍ കണക്കുകളും ശരാശരിയുമല്ല നോക്കുന്നത്. ക്യാപ്റ്റന്‍ തന്നെ മുന്നിട്ടിറങ്ങുമ്പോള്‍ പിന്നാലെ വരുന്നവര്‍ക്ക് പിന്നീട് മറ്റൊന്നും നോക്കാനില്ലല്ലോയെന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു.